പ്രേമസാഗരത്തിൻ അഴിമുഖമാകും (ഡിറ്റക്ടീവ് 909 കേരളത്തിൽ, 1970)
ഗാനം: പ്രേമസാഗരത്തിൻ
ചിത്രം: ഡിറ്റക്ടീവ് 909 കേരളത്തിൽ (1970)
ഗാനരചന: പി. ഭാസ്കരൻ
സംഗീതം: എം. കെ. അർജ്ജുനൻ
ഒരു കാലഘട്ടത്തെ ധന്യമാക്കിയ ഓർമ്മഗീതമാണ് ദേവഗായകൻ ജയചന്ദ്രൻ ആലപിച്ച ഈ മനോഹരഗീതമലർ. പി. ഭാസ്കരൻ മാസ്റ്റർ എഴുതിയ കവിതയ്ക്ക് ഈണം നൽകിയത് അർജ്ജുനൻ മാസ്റ്റർ. പി. വേണുവിന്റെ 'ഡിറ്റക്ടീവ് 909 കേരളത്തിൽ' എന്ന ചിത്രത്തിലെ മധുരഗീതമാണിത്. 1970കളിലെ മലയാളചലച്ചിത്രഗാനസംസ്കാരത്തെ അടയാളപ്പെടുത്തുന്ന ഈ പ്രണയഗീതം ഒരു കാലഘട്ടത്തിന്റെ സുവർണ്ണസ്മരണകളുമായി പറന്നെത്തുന്ന അനുഭൂതിക്കുളിർകാറ്റാണ്. സ്വരേശ്വരന്റെ നിത്യഹരിതസ്വരത്തിൽ 'പ്രേമസാഗരത്തിൻ..' എന്നു കേൾക്കുമ്പോൾ പ്രണയം എന്ന ഹൃദയവികാരത്തിന്റെ ശാന്തസാഗരത്തിരമാലകൾ തരംഗിതമായി ഹൃദയവാതിലുകളെ തൊടുകയാണ്. ഇന്നലെകളിലെ ആത്മാനുരാഗത്തിന്റെ പവിത്രതയും മോഹപരിധികളും അനാവരണം ചെയ്യുന്ന സുന്ദരഗാനം. പ്രണയിനിയുടെ 'മനോഹര മലർമിഴികളെ' ആരാധിച്ചുകൊണ്ട് കനകസ്വപ്നങ്ങൾ കൊണ്ടു നിർമ്മിക്കുന്ന കളിത്തോണി. തോഴിയോടുള്ള ആത്മാദരത്തോടൊപ്പം അവളുടെ അരികിലെത്താനുള്ള മോഹവുമുണ്ടതിൽ. ‘എന്റെ രാജ്യമകലെയകലെ..’ എന്നു തുടങ്ങുന്ന അനുപല്ലവി ദേവസ്വരത്തിൽ ഒരു ശ്രോതാവ് കേട്ടാസ്വദിക്കുമ്പോൾ ആലാപനത്തിൽ പ്രണയകടൽത്തീരവും അഴിമുഖവും കളിത്തോണിയും പ്രേമസാഗരത്തിന്റെ അനന്തതയുമെല്ലാം കിനാവിന്റെ തെളിമയോടെ മനസ്സിലെത്തുകയാണ്. പ്രേമസാഗരത്തിലെ ഓളത്തുളുമ്പലുകൾക്കൊപ്പം മുന്നേറുന്ന നായകരൂപഭാവങ്ങൾ തെളിയിക്കുന്ന ഉയർന്ന സ്ഥായിയിലേക്കുള്ള കുതിപ്പാണ് 'നിന്റെ ചിരിയാം വിളക്കുമാടം കണ്ടുവന്നൊരു നാവികന്‍ ഞാന്‍' എന്ന വരിയുടെ ഹൃദയഹാരിയായ ഉന്നതസ്ഥായിയിലെ ആവിഷ്കാരം. ചരണത്തിലെ താളങ്ങളുടെ ഗതിവേഗത്തെയും ഈരടികളിലെ പ്രണയതീവ്രസൂചകങ്ങളെയും മറികടക്കുന്ന സ്വരത്തിളക്കവും ആലാപനവും ജയചന്ദ്രനല്ലാതെ മറ്റാർക്ക് സാധിക്കും? ഒരു സ്നേഹത്തേരിൽ വിണ്ണോരം പൂകിയ ദേവനാദം അവിടെ നിന്ന് ചൊരിയുന്നതെന്തായിരിക്കാം? 'വിണ്ണില്‍നിന്നും കൊണ്ടുവന്ന കുങ്കുമപ്പൂവാരിത്തൂകി...' ദേവാലാപനത്തിന്റെ അഭൗമസൗന്ദര്യത്തിൽ കുങ്കുമപ്പൂനിറം തുടുത്തുനിൽക്കുകയാണ്. ഇതിലെ 'വി' 'കൊ' എന്നീ അക്ഷരങ്ങൾക്കു പകർന്നുനൽകുന്ന ഊന്നൽ അനുരാഗബന്ധത്തിന്റെ ആഴത്തോടൊപ്പം അദ്‌ഭുതാവഹമായ ദൃശ്യസുഖം പകരുകയാണ് ! 'വിണ്ണും' 'കൊണ്ടുവരലും' 'വാരിത്തൂകലുമെല്ലാം' കേവലം വരികളിലെ അക്ഷരങ്ങൾ മാത്രമല്ല, ദേവനാദത്തിൽ ഇവയെല്ലാം ജീവസ്സുറ്റ ചിത്രങ്ങളായി ഹൃദയത്തിൽ മായാതെ നിൽക്കുന്നു. ഇക്കാലത്തും ഈയൊരു സിനിമാപ്പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ നമുക്കു തോന്നുന്നത് അതുകൊണ്ടാണ്.
പ്രേമസാഗരത്തിന്നഴിമുഖമാകും നിന്‍
ഈ മനോഹര മലര്‍മിഴിയില്‍
കനകസ്വപ്നം കൊണ്ടു ഞാന്‍
ഒരു കളിത്തോണിയിറക്കി, തോഴീ
കളിത്തോണിയിറക്കി
പ്രേമസാഗരത്തിന്‍
എന്റെ രാജ്യമകലെയകലെ
എന്റെ തീരം ദൂരെ ദൂരെ .... എന്റെ
നിന്റെ ചിരിയാം വിളക്കുമാടം
കണ്ടുവന്നൊരു നാവികന്‍ ഞാന്‍
അഹാ .... അഹാ ....
പ്രേമസാഗരത്തിന്‍
നിന്റെ കവിളില്‍ നീളെ നീളെ
സൂന്ദര താരുണ്യ താലം
വിണ്ണില്‍നിന്നും കൊണ്ടുവന്ന
കുങ്കുമപ്പൂവാരിത്തൂകി
അഹാ .... അഹാ ....
പ്രേമസാഗരത്തിന്‍.....
‘Premasaagarathin’ is an evergreen love song composed by M. K. Arjunan master, and lyrics by P. Bhaskaran master.
പ്രേമസാഗരത്തിൻ അഴിമുഖമാകും (ഡിറ്റക്ടീവ് 909 കേരളത്തിൽ, 1970)
Reviewed by Govindan Puthumana
on
June 23, 2020
Rating:
Reviewed by Govindan Puthumana
on
June 23, 2020
Rating:
No comments