നുണക്കുഴിക്കവിളിൽ (താര, 1970)
ഗാനം: നുണക്കുഴിക്കവിളിൽ
ചിത്രം: താര (1970)
ഗാനരചന: വയലാർ രാമവർമ്മ
സംഗീതം: ജി. ദേവരാജൻ
വിശുദ്ധമായ പ്രണയത്തിന്‍റെ സംഗീതാവിഷ്കാരം! ദേവഗായകൻ ശ്രീ. പി. ജയചന്ദ്രന്റെ സ്വരത്തില്‍ നിഷ്കളങ്കപ്രണയം, കുസൃതി, ആരാധന എല്ലാം അടങ്ങിയിരിക്കുന്നു! 1970 ഡിസംബറിൽ മലയാളികളുടെ ഹൃദയത്തിലേക്ക് രാഗകാന്തി തൂകിയ ഈ സംഗീതതാരയുടെ ഉദയത്തിനു പിന്നിൽ വേദനയൂറുന്ന ഒരു ദു:ഖകഥ കൂടി ഉണ്ടെന്നറിയുക. വയലാർ - ദേവരാജൻ ടീമിന്റെ ഈ ഗാനം ജയചന്ദ്രൻ ആലപിക്കുന്നതിനെ നിർമ്മാതാവ് അതിശക്തമായി എതിർത്തു, സംഗീതസംവിധായകൻ ജയചന്ദ്രനെക്കൊണ്ട് പാടിക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിന്നു. ജയചന്ദ്രന്റെ ആത്മമുദ്രകൾ പതിഞ്ഞ ഈ ഗാനം കാലത്തിനിപ്പുറവും കനകശോഭ ചൊരിഞ്ഞു ജനകോടികളുടെ ഹൃദയങ്ങളിൽ ജീവിക്കുന്നത് വലിയൊരനുഗ്രഹമാണ്.
അതിലളിതമായ വരികളും സാമാന്യപ്പെട്ട ഈണപാതകളും. ഈ സ്ഥാനപരിമിതികളെ അതിജീവിച്ച് കാലത്തോളം ജ്വലിക്കുന്ന ഗാനതാരകമാക്കിയത് ശബ്ദത്തിന്റെ മുഴക്കവ്യതിയാനങ്ങളും നിത്യഭാസുരമായ ആലാപനത്തിരിവുകളും. 'നുണക്കുഴിക്കവിളിൽ..' എന്ന് ആദ്യമായി ഒഴുകിവരുന്നത് നിശ്ശബ്ദപശ്ചാത്തലത്തിൽ നിന്നാണ്. ആരെയും അന്ത:സ്ഥിതാഭിനിവേശം കൊണ്ട് ഒന്ന് മൂളിനോക്കുവാൻ പ്രേരിപ്പിക്കുന്ന ആലാപനപ്രഭാവമാണ് ഈ ഗാനത്തുടക്കത്തിൽ ദേവഗായകൻ പ്രദർശിപ്പിക്കുന്നത്. ഓരോ വാക്കും ക്രമേണ തുടിച്ചുയരുന്നത് നിഷ്കളങ്കതയുടെ ഇഴയടുപ്പത്തോടെയാണ്. പ്രേംനസീറിന്റെ ശരീരഭാഷകൾക്ക് ഏറ്റവും യോജിക്കുന്നത് ജയചന്ദ്രസ്വരമാണെന്ന് തെളിയിക്കുന്ന ആദ്യകാലസിനിമാപ്പാട്ടുകളിലൊന്നാണിത്. ജയചന്ദ്രൻ 'താരേ..താരേ' എന്ന് വെറുതേ പാടുകയല്ല, ആദ്യത്തെ 'താര'യിൽ ആകാശത്തെ താരയും രണ്ടാമത്തേതിൽ ഭൂമിയിലെ സുന്ദരവനിതാതാരയും. അയാന്ത്രികമായാണ് ഈ പ്രയോഗങ്ങളുടെ ഒഴുക്ക്. വളരെ കൗതുകകരമായ സന്ദർഭങ്ങൾ സൃഷ്ടിച്ച് ശ്രോതാവിനെ അദ്‌ഭുതപരതന്ത്രരാക്കുകയാണ് ജയേട്ടൻ. ആകാശത്തെ 'താരേ..' എന്ന് വീണ്ടും വിളിക്കുമോ എന്ന് പ്രതീക്ഷിക്കാവുന്ന തുടർക്ഷണത്തിൽ നിഷ്കളങ്കകുസൃതിയെ ഒരു മിന്നായം പോലെ മുകുളിതമാക്കാൻ ദേവഗായകനല്ലാതെ മറ്റാർക്കു കഴിയും? അപ്പോൾ നാം പാടിക്കേൾക്കുന്നത് ഇങ്ങനെയാണ്: 'ഒളികണ്മുനകൊണ്ട് കുളിരമ്പെയ്യുന്നതാരേ..' പിന്തുടരുന്നത് നിഷ്കപടപ്രണയത്തിന്റേയും ഹൃദയപ്രകീർത്തനങ്ങളുടെയും അനർഘനിമിഷങ്ങൾ.
'ചിരി കൊണ്ട് പൂക്കളെ നാണത്തിൽ മുക്കിയ താരേ….' - താരസ്ഥായിയിലെ മിഥ്യാലോകത്തു നിന്നും മന്ദ്രസ്ഥിതിയിലേക്ക് പടിപടിയായി താഴ്ന്നുപറക്കുകയാണ് ജയചന്ദ്രനാദം. 'ചുടുചുംബനം കൊണ്ടു മൂടിപ്പുതപ്പിച്ചതാരെ..'
എന്ന് തീവ്രപ്രണയത്തോടെ ആലപിക്കുകയാണ്. ഓരോ വരിയുടെയും ഒടുവിലുള്ള 'താരേ' എന്ന വാക്കിനു ജയചന്ദ്രൻ നൽകുന്ന ഊർജ്ജവ്യത്യാസങ്ങളും വ്യതിരിക്തമായ തരംഗിതാലാപനപ്രയോഗങ്ങളും അനനുകരണീയമാണ്. 'താരേ.....ആരെ? ആരെ? ആരെ?' ഓരോ ചോദ്യഭംഗികളും ശ്രോതാവിന്റെ അനുഭവങ്ങളോടും ജീവിതത്തോടും ആത്മാവിനോടും ഇന്നും ചേർന്നുനിൽക്കുകയാണ്. അനുപല്ലവിയുടെ കേൾവിയിൽ 'നാണത്തിൽ മുക്കിയ' എന്ന വാക്കിനും 'താരേ' എന്ന വാക്കിനുമിടയിലുള്ള വിരാമവും, ഇതുപോലെ ചരണത്തിന്റെ കേൾവിയിൽ 'അണിയിച്ചൊരുക്കിയ' എന്ന വാക്കിനും 'താരേ' എന്ന വാക്കിനുമിടയിലുള്ള വിരാമവും ഗാനത്തിലേക്ക് പെയ്യിക്കുന്ന നിർമ്മലപ്രണയഛായ വളരെയേറെയാണ്. ദേവഗായകൻ ജയേട്ടൻ പാടി അനശ്വരമാക്കിയ ഈ സൂപ്പർഹിറ്റ് ഗാനം പുതിയ തലമുറയുടെയും ഇഷ്ടഗീതങ്ങളിലൊന്നാണ്.
നുണക്കുഴിക്കവിളിൽ
നഖച്ചിത്രമെഴുതും,താരേ, താരേ !
ഒളികണ്മുനകൊണ്ട് കുളിരമ്പെയ്യുന്നതാരേ , ആരേ?
(നുണക്കുഴി..)
അനുരാഗക്കടലിൽ നിന്ന-
മൃതുമായ് പൊന്തിയ താരേ, താരേ!
മനസ്സിൽ വെച്ചെപ്പൊഴും നീ
ആരാധിക്കുന്നതാരെ, ആരെ?
ചിരികൊണ്ടു പൂക്കളെ നാണത്തിൽ മുക്കിയ താരേ.....
ചുടുചുംബനം കൊണ്ടു മൂടിപ്പുതപ്പിച്ചതാരേ,
ആരെ, ആരേ ,ആരേ ?
(നുണക്കുഴി)
മലർക്കാലം വിടർത്തുന്ന
മലരമ്പൻ വളർത്തുന്ന താരേ, താരേ
മയക്കം മിഴിയടയ്ക്കുമ്പോൾ സ്വപ്നം കാണുന്നതാരേ, ആരേ?
ശരൽകാല സന്ധ്യകൾ അണിയിച്ചൊരുക്കിയ താരേ...
സ്വയംവരപ്പന്തലിൽ മാലയിടാൻ പോണതാരേ,
ആരേ, ആരേ, ആരേ
(നുണക്കുഴി)
‘Nunakkuzhi kavilil’ is a simple love song by Vayalar - Devarajan team.
നുണക്കുഴിക്കവിളിൽ (താര, 1970)
Reviewed by Govindan Puthumana
on
June 19, 2020
Rating:
Reviewed by Govindan Puthumana
on
June 19, 2020
Rating:
No comments