എന്റെ ആസ്വാദനകുറിപ്പുകളിലേക്ക് സ്വാഗതം. Beautiful songs sung by Sri. P. Jayachandran with review and lyrics.

മധുചന്ദ്രികയുടെ (അനാച്ഛാദനം, 1968)



ഗാനം:മധുചന്ദ്രികയുടെ 
ചിത്രം: അനാച്ഛാദനം (1968)
ഗാനരചന: വയലാർ രാമവർമ്മ 
സംഗീതം: ജി. ദേവരാജൻ 

ദേവഗായകന്റെ സ്വരവിസ്മയം! പ്രകൃതിസൌന്ദര്യത്തില്‍ നിന്ന് പ്രണയിനിയുടെ സൗന്ദര്യത്തിലേക്കുള്ള ഒഴുക്ക്! ഓരോ മനസ്സിലും നിലാവ് പെയ്യിക്കുന്ന ഗാനം! മായാരൂപമുള്ള മനസ്വിനിയെ വരയ്ക്കുന്ന അനുഭൂതി!  അകലെ നിന്ന് ആരാധിക്കുന്ന ഒരു സാധാരണക്കാരന്റെ മനസ്സിലെ സ്വകാര്യത വീണ്ടും, കാതില്‍ മന്ത്രിക്കുന്ന അനുഭൂതി "ഞാന്‍ നിന്നെ സ്നേഹിക്കുന്നു....പ്രേമിക്കുന്നു.."  ഈ ഗാനത്തിൽ ദേവനാദം ആകാശമണ്ഡലം പോലെയാണ്. അതിലെ വിസ്മയങ്ങൾ വിരിയുകയും അണയുകയും ചെയ്യുന്നത് ദേവാലാപനവും. നാദേശ്വരന്റെ  സ്വർഗ്ഗീയസ്വരം 'മധുചന്ദ്രികയുടെ ചായത്തളികയിൽ ' എന്നു പാടുമ്പോൾ മാനത്ത് ചന്ദ്രനുദിക്കുകയാണ്, മഴവില്ലിന്റെ അഴകും മധുചന്ദ്രികയുടെ ശോഭയും സംഗമിക്കുകയാണ്. 'മനസ്വിനീ…..' എന്ന പ്രണയപരവശമായ സംബോധനത്തിന്റെ ദൈർഘ്യം എത്ര ഹൃദയാവർജ്ജകമാണ്..ഒപ്പം അതിലെ വളവുകളും തിരിവുകളും ചരിവുകളും കൊണ്ട് ദേവസ്വരം മനസ്വിനിയുടെ രൂപം വരച്ചിടുകയാണ്. 'മായാരൂപം മനസ്സിൽ ഞാൻ വരച്ചു' എന്ന് ആഹ്ലാദപൂർവ്വം മൃദുവായി സ്പഷ്ടമാക്കുന്നത് എത്ര സുന്ദരമാണ്.'മാ..യാ' എന്ന വാക്കിൽ 'യാ' എന്ന അക്ഷരത്തിനു നൽകുന്ന മങ്ങൽ എത്ര മായാമയമാണ്? .'ഞാൻ നിന്നെ സ്നേഹിക്കുന്നു..പ്രേമിക്കുന്നു' എന്ന് അതിസ്വകാര്യമായി കാതുകളിൽ മന്ത്രിക്കുകയാണ് ദേവനാദം. 'കാണാത്ത സ്വപ്നങ്ങളിലെ' എന്നു പാടിക്കേൾക്കുമ്പോൾ 'ണാ' എന്ന അക്ഷരത്തിന്റെ ഊന്നൽ കാണായ്‌മയുടെ ആഴവും 'കണ്ണെഴുതിച്ചു' എന്ന വാക്കിലെ 'എഴുതിച്ചു' എന്നതിലെ പൊലിമ കണ്ണെഴുത്തിന്റെ ദൃശ്യങ്ങളും നമ്മുടെ മനസ്സിൽ വിരിയിക്കുന്നു. 'നിദ്രയിലെ' എന്ന് ആലപിക്കുമ്പോൾ 'ദ്ര' എന്ന അക്ഷരത്തിനു നൽകുന്ന നേർത്ത മങ്ങൽ നിദ്രയുടെ സുഖാനുഭൂതിയിലേക്ക് ഒരു നിമിഷം വഴുതിപ്പോകുന്ന പ്രതീതിയുളവാക്കുന്നു. ദേവഗായകൻ പാടുകയാണ് .. 'നീലിമയാൽ ഞാൻ നിൻ കൂന്തൽ കറുപ്പിച്ചു' എന്ന ഭാഗവും പ്രണയത്യാഗസന്നദ്ധനായ കാമുകസ്വരത്തിന്റെ വിചാരങ്ങൾ തെളിയിക്കുന്നു. 'ആറാത്ത രോമാഞ്ചത്താല്‍' എന്ന വാക്കുകളിൽ 'റാ' എന്ന അക്ഷരത്തിന്റെ പ്രതലത്തിലും 'രോ' എന്ന അക്ഷരത്തിന്റെ മേൽഭാഗത്തും സൂക്ഷ്മമായി പകരുന്ന മൃദുദോളനങ്ങൾ രോമാഞ്ചത്തിന്റെ അനുഭൂതി ചൊരിയുന്നു. 'അധരങ്ങളിൽ... മുത്തണിയിച്ചു' എന്ന വാക്കുകളിൽ 'ളി' എന്ന അക്ഷരത്തിന്റെ ഊന്നൽ അനുഭൂതിയുടെ ശിഖരമാണ്, ഒപ്പം 'ത്ത' എന്ന  അക്ഷരത്തിന്റെ പരപ്പും വികാരസാന്ദ്രതയെ സൂചിപ്പിക്കുന്നു. 'ലജ്ജയിലെ' എന്ന വാക്കിലെ 'ജ്ജയിലെ' എന്ന അക്ഷരങ്ങളുടെ താഴ്ചയിൽ ലജ്‌ജാവിവശയായി കുനിയുന്ന മനസ്വിനീമുഖമല്ലേ തെളിയുന്നത്? 

മധുചന്ദ്രികയുടെ ചായത്തളികയില്‍
മഴവില്‍ പൂമ്പൊടി ചാലിച്ചു
മനസ്വിനീ നിന്‍ മായാരൂപം
മനസ്സില്‍ ഞാന്‍ വരച്ചു...

കാണാത്ത സ്വപ്നങ്ങളിലെ 
കവിതകളാല്‍ കണ്ണെഴുതിച്ചു
നിദ്രയിലെ നീലിമയാല്‍ ഞാന്‍ 
നിന്‍ കൂന്തല്‍ കറുപ്പിച്ചു
ഞാന്‍ നിന്നെ സ്നേഹിക്കുന്നു 
പ്രേമിക്കുന്നു...

ആറാത്ത രോമാഞ്ചത്താല്‍ 
അധരങ്ങളില്‍ മുത്തണിയിച്ചു
ലജ്ജയിലെ സിന്ദൂരത്താല്‍ 
നെറ്റിക്കുറി ചാര്‍ത്തിച്ചു...
ഞാന്‍ നിന്നെ സ്നേഹിക്കുന്നു 
പ്രേമിക്കുന്നു

‘Madhuchandrikayude’ is a sweet romatic song by P. Jayachandran, song is written by Vayalar Ramavarmma and beautifully composed by G. Devarajan.

മധുചന്ദ്രികയുടെ (അനാച്ഛാദനം, 1968) മധുചന്ദ്രികയുടെ (അനാച്ഛാദനം, 1968) Reviewed by Govindan Puthumana on June 12, 2020 Rating: 5

No comments

Recent in Fashion

3/Fashion/post-list