ഇന്ദുമുഖീ ഇന്ദുമുഖീ (അടിമകൾ, 1969)
ഗാനം: ഇന്ദുമുഖീ ഇന്ദുമുഖീ
ചിത്രം: അടിമകൾ (1969)
ഗാനരചന: വയലാർ രാമവർമ്മ
സംഗീതം: ജി. ദേവരാജൻ
പഴയ മലയാള ചലച്ചിത്രഗാനങ്ങളുടെ ആസ്വാദകർക്ക് ഏറെ പ്രിയങ്കരമാണ് 'ഇന്ദുമുഖീ' എന്ന ഗാനം. പഴയ തലമുറ ഒറ്റയ്ക്കിരുന്നു മൂളാനിഷ്ടപ്പെടുന്ന പാട്ടാണിത്. മറ്റു ഗാനശാഖകളിക്കിടയിൽ ചലച്ചിത്രഗാനങ്ങൾക്ക് ഉന്നതമായ സ്ഥാനം ലഭിച്ചതും ജയചന്ദ്രസ്വരത്തിൽ ആവിർഭവിച്ച ഇത്തരം അനശ്വരഗാനങ്ങളിലൂടെയാണ്.
'ഇന്ദുമുഖീ..' എന്ന വാക്ക് ഒരു തവണ ആകാശതടമലങ്കരിക്കുന്ന ഇന്ദുവിനെയും തൊട്ടടുത്ത തവണ അകന്നുപോയ അനുരാഗിണിയെയുമാണെന്നാണ് ശ്രോതാവിന് അനുഭവപ്പെടുന്നത്, ആദ്യത്തേതിൽ 'ഇ' എന്ന അക്ഷരത്തിനും രണ്ടാമത്തേതിൽ 'ന്ദു' എന്ന അക്ഷരത്തിനും നൽകുന്ന പ്രാമുഖ്യം ശ്രദ്ധിക്കുക. കാൽപ്പനികഛായയുള്ള ഒരു പ്രണയഗീതമായി കരുതപ്പെടുന്നുവെങ്കിലും അതിനകത്ത് ആഴത്തിൽ നിന്നുയർന്നു വരുന്ന നിലവിളിയുമുണ്ട്. സങ്കീർണ്ണമായ ഇത്തരം സങ്കടങ്ങൾ ജയചന്ദ്രനല്ലാതെ മറ്റാർക്ക് ആവിഷ്കരിക്കാനാവും? 'എന്തിനിന്നു നീ സുന്ദരിയായീ..' എന്ന് ദേവനാദത്തിൽ കേൾക്കുമ്പോൾ നമ്മുടെ അന്ത:കരണത്തിലാണ് ദു:ഖം നിറയുന്നത്, അവനവന്റെ വ്യസനമാണത്. 'അവൾ സുന്ദരി ആയിരുന്നില്ലെങ്കിൽ?' അല്ലെങ്കിൽ 'ഇന്നെന്ന ദിവസം അവൾ സുന്ദരി ആയിരുന്നില്ലെങ്കിൽ?' എന്നു തോന്നാനുള്ള കാരണവും മറ്റൊന്നല്ല.'നീ..' 'സുന്ദരിയാ..യീ...' എന്ന വാക്കുകളുടെ അന്ത്യത്തിൽ തികട്ടി വരുന്ന ചെറുകൂനലുകൾ വേദനയുടെ അഗ്രമാണ്. മാൻഡിന്റെ സ്ഥാനപരിധികൾക്കും മീതെ ചെന്നെത്തിക്കുന്ന ചില ഉൾസാത്മ്യങ്ങൾ. 'മഞ്ഞിൽ മനോഹരചന്ദ്രികയിൽ...' എന്ന് ജയേട്ടൻ പാടുമ്പോൾ മഞ്ഞും മനോഹരചന്ദ്രികയും ഉയർന്നുവരുന്നുണ്ടെങ്കിലും ഉള്ളിൽ വിഷാദമാണ്. അനുരാഗത്തിലെ തികവില്ലായ്മ അനുഭവപ്പെടുന്നില്ലേ 'എന്നനു' 'രാഗമാം' എന്നീ വാക്കുകൾ ഒന്നിനു പിറകേ ഒന്നായി കടന്നുവരുമ്പോൾ? എത്ര എളുപ്പമായാണ് ആ വികാരം ആലാപനത്തിലെത്തുന്നത്? 'അഞ്ചിതൾപ്പൂവിൻ' എന്ന് ജയചന്ദ്രൻ പാടുമ്പോൾ അഞ്ചിതളുള്ള ഒരു പൂവ് വിരിയുകയാണ്, മന്ദസ്മിതം തൂകുന്ന ഈ അഞ്ചിതളുകൾക്കുള്ളിൽ നിറയെ തേനാണോ? ഈ അഞ്ചിതൾപ്പൂവ് പ്രണയീഹൃദയം തന്നെയാണോ? എന്നിങ്ങനെ സന്ദേഹങ്ങൾ മറ്റൊരദ്‌ഭുതലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. താളവേഗതയ്ക്കനുസരിച്ച് സ്വരത്തിനുള്ളിൽ ഉയിരെടുക്കുന്ന അസ്വസ്ഥതയുടെ പ്രതിഫലനമായിരിക്കാം 'നിന്റെ മദാലസ..' എന്ന ഭാഗം ആത്മാവിൽ മുറിവുകൾ സൃഷ്ടിക്കുന്ന ഒരു ആന്തരികരോദനമായാണ് ശ്രോതാവിന്റെയുള്ളിൽ വേദന പകരുന്നത്. 'നിന്റെ ദാ..ഹവുമെനിക്കല്ലേ..' എന്ന് ജയചന്ദ്രൻ പാടുമ്പോൾ ദു:ഖവികാരത്തിന്റെ ഉച്ചസ്ഥായി എന്തെന്ന് നമുക്കറിയാൻ സാധിക്കുന്നു. 'എനിക്കല്ലേ..' എന്ന വാക്കിൽ 'ക്ക' എന്ന അക്ഷരത്തിന് നൽകുന്ന ലോലസ്പർശം മാത്രം 'എനിക്കുണ്ടോ?' എന്നും 'എനിക്കില്ലല്ലോ?' എന്നിങ്ങനെയും നമുക്കു തോന്നിപ്പിക്കുന്നതിൽ ഒരു മാന്ത്രികതയുണ്ട്. 'നിന്നിലെ മോഹമാം ഓ..രിലക്കുമ്പിളിൽ എന്റെ കിനാവിലെ മധുവല്ലേ..ഹൃദ്യമാം മധുവല്ലേ?' എന്ന വരിയിൽ 'മധുവല്ലേ' എന്ന വാക്ക് ആവർത്തിക്കുന്നു. ആദ്യത്തേതിൽ വിശ്വാസവും അടുത്തതിൽ വിശ്വാസമില്ലായ്മയും എത്ര സ്വാഭാവികമായാണ് ചാലിച്ചുചേർത്തിരിക്കുന്നത്? ഒന്ന് കിനാവിന്റെ സാങ്കല്പികലോകവും മറ്റൊന്ന് യാഥാർഥ്യങ്ങളുടെ പരുക്കൻ ലോകവും, ഏതാനും ക്ഷണങ്ങളിൽ ഈ രണ്ടു ലോകങ്ങളിലൂടെയും സഞ്ചരിപ്പിക്കുകയാണ് ദേവനാദം. ഗാനം അവസാനിക്കുന്നത് 'ഇന്ദുമുഖീ..' എന്ന അത്യാകർഷകമായ സംബോധനയുൾക്കൊള്ളുന്ന ആലാപനത്തിലൂടെയാണ്, ആദ്യം ശിഖരത്തിലേക്കുയരുന്നു, പിന്നീട് ഗർത്തത്തിലേക്ക് പതിക്കുന്നു. അങ്ങനെ ഗാനം വീണ്ടും കേട്ടാസ്വദിക്കാനുള്ള കൗതുകം ബാക്കിനിൽക്കുകയാണ്.
ഇന്ദുമുഖീ ഇന്ദുമുഖീ
എന്തിനിന്നു നീ സുന്ദരിയായീ
ഇന്ദുമുഖീ ഇന്ദുമുഖീ....
മഞ്ഞില്‍ മനോഹര ചന്ദ്രികയില്‍
മുങ്ങിമാറുമറയ്ക്കാതെ
എന്നനുരാഗമാം അഞ്ചിതള്‍പൂവിന്‍
മന്ദസ്മിതത്തില്‍ കിടന്നുറങ്ങീ..
വന്നുനീ കിടന്നുറങ്ങീ....
നിന്റെ മദാലസ യൌവ്വനവും
നിന്റെ ദാഹവും എനിക്കല്ലേ..
നിന്നിലെ മോഹമാം ഓരിലക്കുമ്പിളില്‍
എന്റെ കിനാവിലെ മധുവല്ലേ...
ഹൃദ്യമാം മധുവല്ലേ.....
‘Indumukhee’ is a romantic song by P. Jayachandran, the creators of this song are Vayalar Ramavarmma and G. Devarajan.
ഇന്ദുമുഖീ ഇന്ദുമുഖീ (അടിമകൾ, 1969)
Reviewed by Govindan Puthumana
on
June 13, 2020
Rating:
Reviewed by Govindan Puthumana
on
June 13, 2020
Rating:
No comments