പിന്നെയും ഇണക്കുയിൽ (ആൽമരം, 1969)
ഗാനം: പിന്നെയും ഇണക്കുയിൽ
ചിത്രം: ആൽമരം (1969)
ഗാനരചന: പി. ഭാസ്കരൻ
സംഗീതം: എ. ടി. ഉമ്മർ
ദേവഗായകസ്വരത്തിലെ നിഷ്കളങ്കസൗന്ദര്യം പരിപൂർണ്ണതയോടെ അനുഭവവേദ്യമാക്കുന്ന അപൂർവ്വതയാണ് ഈ ശൃംഗാരസല്ലാപഗീതം. ജയചന്ദ്രനാദം മനസ്സിൽ കൊളുത്തിത്തരുന്നത് ഹൃദയത്തിനു മാത്രം കേൾക്കാനും കാണാനുമുള്ള വൈകാരികാവസ്ഥയാണ്. 'പിന്നെയുമിണക്കുയിൽ പിണങ്ങിയല്ലോ..' എന്ന വരിയിലെ 'പിന്നെയും' എന്ന വാക്കിലെ 'പി' എന്ന അക്ഷരത്തിനു നൽകുന്ന ഇഴയൽ ഈ ഗാനം ഉള്ളു തുറന്നുള്ള വൈകാരികപാരസ്പര്യത്തിന്റെ തുടർച്ചയാണെന്ന് വ്യക്തമാക്കുന്നു. 'ഇണക്കുയിൽ' എന്ന വാക്കിലും 'പിണങ്ങിയല്ലോ' എന്ന വാക്കിലും ഉണർന്നുവരുന്ന പ്രണയവാത്സല്യം എത്ര ഹൃദ്യമാണ്. 'കഥയൊന്നു ചൊല്ലുവാൻ ബാക്കിയില്ലേ?' എന്ന ചോദ്യം ഇതുപോലെ ചോദിക്കാൻ മറ്റേതു സ്വരമുണ്ട്? ഈ ചോദ്യത്തിനു ശേഷം ജയചന്ദ്രനാദം സൃഷ്ടിക്കുന്ന വിരാമം ഉയർത്തിക്കൊണ്ടു വരുന്ന പുതിയ ചോദ്യങ്ങൾ കൗതുകകരമാണ്. ഇതിനു സമാനമായ സംവേദനക്ഷമതയാണ് 'ഈ മണിയറയിൽ തള്ളിയതവരെല്ലാമല്ലേ..' എന്ന വരിക്കും 'അല്ലേ' എന്ന വാക്കിനുമിടയിലുള്ള വിരാമത്തിനും. മറ്റൊരു സ്വരത്തിനോ വിരാമത്തിനോ ഇത്രയുമാഴത്തിലുള്ള വികാരമൃദുലത അസാദ്ധ്യമാണ്. 'ഇതു പതിവല്ലേ?' 'മധുവിധുവല്ലേ?' എന്നീ ചോദ്യങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രണയമാധുര്യം ആത്മാവിൽ നിന്നൊഴുകി വരുന്നതാണ്. പ്രണയം, വാത്സല്യം, ഗാഢബന്ധം, സാമീപ്യം, നിഷ്കളങ്കസംവാദം, പ്രണയപരിഭവം....എന്നിങ്ങനെ അനേകം ആത്മവികാരങ്ങൾ ഈ ഗാനത്തെ വേറിട്ടു നിർത്തുന്നു.ശാന്തമായ ഭൂമിയും വാനവും മാത്രം സാക്ഷിയായി രാത്രിയുടെ ഏകാന്തതയിൽ ഒന്നാകുന്ന പ്രണയബദ്ധരായ രണ്ടു മനസ്സുകൾ.ജയചന്ദ്രസ്വരത്തിൽ ഈ ഗാനനിമിഷങ്ങളിൽ ഓരോ തവണയും 'പിന്നെയും' എന്നു കേൾക്കുമ്പോഴും ഗാനത്തിലുടനീളം അതിന്റെ ഗാഢത ക്രമമായി കുറഞ്ഞു വരുന്നു, അടുപ്പം കൂടി വരുന്നു. അദ്‌ഭുതകരമായ ശബ്ദനിയന്ത്രണത്തിലൂടെയേ ഇതു സാധ്യമാകൂ. ഉള്ളിൽ നിറഞ്ഞു തുളുമ്പുന്ന പ്രണയവികാരത്തിന്റെ സാഫല്യഗോപുരങ്ങളിലെത്താൻ താരസ്ഥായിയിലേക്ക് പറന്നുയരുകയാണ് ദേവസ്വരം. ' ആയിരം രജനികൾ വന്നാലും ആദ്യത്തെ രാത്രിയിതൊന്നു മാത്രം' എന്ന വരിയിലെ 'വന്നാലും' എന്ന വാക്കിൽ അന്തർലീനമായി ഒരു അഭ്യർത്ഥനാമാധുര്യം കൊണ്ടുവരുന്നത് എത്ര കർണ്ണസുഖപ്രദമാണ് ! 'മാനസമുരളി തൻ സ്വരരാഗസംഗീതം ഞാനിന്നടക്കിയാലടങ്ങുകില്ല' എന്ന വരികളിൽ ശതകോടി ആത്മവികാരങ്ങൾ വിരിഞ്ഞുവരികയാണ് ഈ ഗാനത്തിൽ. മലയാളികൾക്ക് ആഴത്തിലുള്ള ബന്ധവും ഊഷ്മളതയും ഹൃദയബന്ധങ്ങളും ജയേട്ടൻ ഏതാനും വരികളിലൂടെ പരിചയപ്പെടുത്തിയ മനോഹരഗീതമാണിത്. ജയചന്ദ്രന്റെ ദൈവീകമായ സ്വരം തീർത്തുതന്നത് 'ഒന്നു മാത്ര'മായ രാത്രിഗീതമാണ്.
പിന്നെയുമിണക്കുയിൽ പിണങ്ങിയല്ലോ
ഇന്നെന്താണിന്നെന്താണുറക്കമില്ലേ ...ഉറക്കമില്ലേ?
പിന്നെയുമിണക്കുയിൽ പിണങ്ങിയല്ലോ
ഇന്നെന്താണിന്നെന്താണുറക്കമില്ലേ ...ഉറക്കമില്ലേ?
കഥയൊന്നു ചൊല്ലുവാൻ ബാക്കിയില്ലേ?
ശ്ശ്---മെല്ലെ........ഇനി മെല്ലെ
ഈ കളിയും ചിരിയും കളിത്തോഴിമാർ
കേൾക്കില്ലേ...ഇല്ലേ ?
നാളെയവർ കൈകൊട്ടി കളിയാക്കില്ലേ ?
നാളെയവർ കൈകൊട്ടി കളിയാക്കില്ലേ ?
ഇതു പതിവല്ലേ ? മധു വിധുവല്ലേ
ഈ മണിയറയിൽ തള്ളിയതവരെല്ലാമല്ലേ....അല്ലേ
(പിന്നെയും)
വിരുന്നുകാരൊക്കെയൊന്നു പിരിഞ്ഞൊട്ടെ
വീട്ടിലെ വിളക്കുകൾ അണഞ്ഞോട്ടെ
കഥകൾ പറഞ്ഞോളൂ കവിതകൾ പാടിക്കൊള്ളൂ
കഥകൾ പറഞ്ഞോളൂ കവിതകൾ പാടിക്കൊള്ളൂ
മധുവിധു ഇന്നല്ലേ തുടങ്ങിയുള്ളൂ (പിന്നെയും)
ആയിരം രജനികൾ വന്നാലും
ആദ്യത്തെ രാത്രിയിതൊന്നു മാത്രം
മാനസമുരളി തൻ സ്വരരാഗസംഗീതം
ഞാനിന്നടക്കിയാലടങ്ങുകില്ല (പിന്നെയും)
‘Pinneyum inakkuyil’ is a simple lovely song by P Jayachandran, lyrics by P. Bhaskaran and music by A. T. Ummer.
പിന്നെയും ഇണക്കുയിൽ (ആൽമരം, 1969)
Reviewed by Govindan Puthumana
on
June 13, 2020
Rating:
Reviewed by Govindan Puthumana
on
June 13, 2020
Rating:
No comments