മരുഭൂമിയിൽ (ഭാര്യമാർ സൂക്ഷിക്കുക, 1968)
ഗാനം: മരുഭൂമിയിൽ
ചിത്രം: ഭാര്യമാർ സൂക്ഷിക്കുക (1968)
ഗാനരചന: ശ്രീകുമാരൻ തമ്പി
സംഗീതം: വി. ദക്ഷിണാമൂർത്തി
ദേവഗായകൻ ശ്രീ. പി. ജയചന്ദ്രന്റെ തരളമധുരസ്വരത്തിൽ നിന്നും മെലഡിയുടെ തേൻ നിറഞ്ഞ മുഴക്കമുള്ള മൃദുമധുരസ്വരത്തിലേക്കുള്ള മാറ്റം ഞാനടക്കമുള്ള ഓരോ ശ്രോതാവും ആസ്വദിച്ച മനോഹരഗാനങ്ങളിലൊന്നാണിത് . 'മരുഭൂമിയിൽ വിരിഞ്ഞ മലർ' തന്നെയായിരുന്നു ഈ ഗാനം. മലയാളചലച്ചിത്രസംഗീതമരുഭൂമിയിൽ നാദദേവൻ ആദ്യം വിരിയിച്ച സുന്ദരമലരുകളിലൊന്ന്. പിന്നീട് ജയചന്ദ്രനാദത്തിൽ മലരുകൾ വിരിഞ്ഞുകൊണ്ടേയിരിക്കുന്നു, കാലമിത്ര കഴിഞ്ഞിട്ടും ഇന്നും വാടാത്ത ആ മലരുകളോടൊപ്പം ജയേട്ടന്റെ പുതിയ ഗാനമലരുകളും. ജയചന്ദ്രൻ ഈ ഗാനത്തിൽ ആദ്യം ഉച്ചരിക്കുന്ന 'മരു' എന്ന രണ്ടക്ഷരങ്ങൾക്ക് നൽകുന്ന നേർത്ത ഗ്ളാനീഭാവം നമ്മുടെ ഉള്ളിൽ ആദ്യമുണ്ടാക്കുന്നത് ഒരു മങ്ങലാണ്. അതിനു ശേഷം 'ഭൂ....മി' എന്ന രണ്ടക്ഷരങ്ങൾക്കു പകരുന്ന വിസ്താരം നമ്മുടെയുള്ളിൽ മങ്ങിയ ഒരു വൃത്തം വരയ്ക്കുന്നു. 'മരുഭൂമിയിൽ' എന്ന വാക്കിനും 'മലർ' എന്ന വാക്കിനുമിടയിലുള്ള പൂർണ്ണവിരാമത്തിന്റെ ഇടവേള നമ്മുടെ ഉള്ളിനെ ശൂന്യതയുടെ അഗാധത അറിയിക്കുകയാണ്. 'മലർ വിരിയുകയോ..' എന്ന് ജയേട്ടൻ പാടുമ്പോൾ ഒരു പൂവ് വിരിയുന്നത്രയും അനായാസതയോടെ ആ സ്വരങ്ങൾ നമ്മുടെ ഹൃദയത്തിൽ വർഷിക്കുകയാണ്. 'മധുരം 'നിൻ മൊഴി' 'എന്‍' ഭാവനയില്‍' എന്ന് ദേവനാദത്തിൽ പാടിക്കേൾക്കുമ്പോൾ ആത്മാവിന്റെ ആഴങ്ങളിൽ നിന്നും കോരിയെടുത്ത ഭാവനാമുത്തുകൾ ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് ചൊരിയുകയാണ്. 'മദകരഭാ..വം' എന്നു പാടുമ്പോൾ 'ഭാ' എന്ന അക്ഷരം ഉയർന്നുവരുന്നത് ദേവനാദത്തിന്റെ കൽപ്പനാചാതുരിയല്ലാതെ മറ്റെന്ത്? ഒരു വശത്ത് 'മറ്റൊരു ദേവന്റെ പാദ തളിരിൽ തൂകുന്ന പുഷ്‌പാഞ്‌ജലിയും' മറുവശത്ത് 'ദീപാരാധനയില്ലാതെ ഇരുളിൽ കേഴുന്ന ശിലയും' - ഈ വ്യത്യസ്തവികാരങ്ങളെ ഒരേപോലെ ആലാപനദീപ്തമാക്കാൻ ദേവസ്വരചൈതന്യത്തിനേ സാധിക്കൂ. 'പുഷ്‌പാ..ഞ്‌ജലി' എന്ന വാക്കിന്റെ ഉച്ചാരണത്തിൽ പ്രത്യേകതയുണ്ട് - 'പുഷ്‌പാ' എന്നു കേൾക്കുമ്പോൾ പുഷ്പം ഹൃദയത്തോടടുപ്പിക്കുന്നതു പോലെയും 'ഞ്ജലി' എന്നു കേൾക്കുമ്പോൾ ആ പുഷ്പം അർച്ചിക്കുന്ന ദൃശ്യവും നമ്മളിലെത്തുന്നു. 'ഇല്ലൊരു പൂ..വിതള്‍ ഇ..ല്ലൊരു കൈ....ത്തിരി ഇവിടെ വിളക്കുകള്‍... കരയുന്നു..' എന്നതിൽ 'ഇല്ലായ്മ'യെ പ്രകടിപ്പിക്കുമ്പോഴുള്ള ആലാപനവഴക്കവും 'കൈ..ത്തിരി' എന്നു പാടുമ്പോഴുള്ള ദു:ഖസാന്ദ്രമായ ഭാവപ്രകാശനവും ജയേട്ടനല്ലാതെ മറ്റാർക്കു സാധിക്കും? 'തിരിഞ്ഞൊന്നെന്നേ......' എന്ന വാക്കിലെ അപേക്ഷ ശ്രവിച്ചാൽ കണ്ണു നിറഞ്ഞു പോകില്ലേ? 1968 ഒടുവിൽ ജയമാരുതി പ്രൊഡക്ഷൻസിന്റെതായി കെ. എസ്. സേതുമാധവൻ നിർദ്ദേശിച്ചു പുറത്തിറങ്ങിയ ഈ ചിത്രത്തിലെ ആറു പാട്ടുകളിൽ ജയേട്ടന്റെ ഈ സുവർണ്ണഗാനത്തിന് അന്നുണ്ടായിരുന്ന സിനിമയിലെ സന്ദർഭത്തിന്റെ 'പ്രാധാന്യ'വും ഇന്ന് കേൾവിക്കാർ കൂടിക്കൊണ്ടിരിക്കുന്ന പ്രാധാന്യവും വിലയിരുത്തേണ്ടതാണ്. ശ്രീകുമാരൻ തമ്പി - ദക്ഷിണാമൂർത്തി കൂട്ടുകെട്ടിനോട് ജയചന്ദ്രൻ ചേർന്ന ആദ്യത്തെ ഗാനം.
മരുഭൂമിയില്‍ മലര്‍വിരിയുകയോ - എന്‍
മനസ്സിലും മോഹം വിടരുകയോ
മരുഭൂമിയില്‍ മലര്‍വിരിയുകയോ
മധുരംനിന്മൊഴി എന്‍ഭാവനയില്‍
മദകരഭാവം പകരുകയോ
മരുഭൂമിയില്‍ മലര്‍വിരിയുകയോ
മറ്റൊരു ദേവന്റെ പാദതളിരില്‍
പുഷ്പാഞ്ജലി നീ തൂകുമ്പോള്‍
ദീപാരാധനയില്ലാതിരുളില്‍
കേഴുമീ ശിലയെ ഓര്‍ത്തിടുമോ
മരുഭൂമിയില്‍ മലര്‍വിരിയുകയോ
ഇല്ലൊരു പൂവിതള്‍ ഇല്ലൊരു കൈത്തിരി
ഇവിടെ വിളക്കുകള്‍ കരയുന്നു
നിര്‍മ്മാല്യവുമായ് നീ പോകുമ്പോള്‍
തിരിഞ്ഞുനിന്നെന്നെ നോക്കിടുമോ
മരുഭൂമിയില്‍ മലര്‍വിരിയുകയോ
‘Marubhoomiyil’ is a wonderful song written by Sreekumaran thampi and music composed by V. Dakshinamoorthy in the golden voice of P. Jayachandran.
മരുഭൂമിയിൽ (ഭാര്യമാർ സൂക്ഷിക്കുക, 1968)
Reviewed by Govindan Puthumana
on
June 12, 2020
Rating:
Reviewed by Govindan Puthumana
on
June 12, 2020
Rating:
No comments