നിൻ പദങ്ങളിൽ (നാഴികക്കല്ല്, 1970)
ഗാനം: നിൻ പദങ്ങളിൽ
ചിത്രം: നാഴികക്കല്ല്
ഗാനരചന: ശ്രീകുമാരൻ തമ്പി
സംഗീതം: കാനു ഘോഷ്
"നാഴികക്കല്ല്" എന്ന ചലച്ചിത്രത്തെ ഓർക്കുന്നത് ശ്രീ. പി. ജയചന്ദ്രൻ ആലപിച്ച ഈ ഗാനത്തിലൂടെയാണ്. ജയചന്ദ്രന്റെ സ്വരം ഒരു സുന്ദരസ്വപ്നത്തിലെ സുഖാനുഭൂതി പകരും പോലെ നമ്മുടെ മനസ്സുകളിൽ നൃത്തമാടുന്ന നിമിഷങ്ങൾ! ഈ ഗാനത്തിലുടനീളം ജയചന്ദ്രൻ വിരിയിക്കുന്ന ഭാവാവിഷ്കാരവും പ്രയോഗശൈലിയും ഈ ഗാനത്തെ മലയാളത്തിൽ അനന്യമാക്കുന്നു. ഈ ഗാനം ആരംഭിക്കുമ്പോൾ തന്നെ അങ്ങ് ദൂരെ നിന്ന് ഒഴുകിവരുന്ന ആ സുന്ദരശബ്ദം! ഭാഷാ-ദേശങ്ങൾക്കപ്പുറം ഹൃദയങ്ങളിൽ നൃത്തം ചെയ്യുന്ന ദേവഗായകന്റെ സ്വരാജാലം..ഇത്തരത്തിൽ ഒരേ ഒരു ഗാനമേ മലയാളത്തിലുണ്ടായിട്ടുള്ളൂ, ഈ ഗാനത്തിലെ ഓരോ അക്ഷരത്തിനും എക്കാലത്തും ജനഹൃദയങ്ങളിൽ ജീവിക്കാനുള്ള ഊർജ്ജം പകരുന്ന സ്വരമാണ് ജയചന്ദ്രന്റേത്. ശ്രീകുമാരൻ തമ്പിയും കാനു ഘോഷും ചേർന്നൊരുക്കിയ ഈ ഗാനം മറ്റൊരു സാധാരണ പ്രണയഗാനമാകേണ്ടതായിരുന്നു, എന്നാൽ ഗാനചക്രവർത്തിയുടെ ആ ശബ്ദവും ആലാപനവും രംഗപ്രവേശം ചെയ്തതോടെ ഈ ഗാനത്തിന് മലയാളചലച്ചിത്രസംഗീതത്തിൽ പുതിയ സ്ഥാനം നിർമ്മിക്കപ്പെട്ടു. 'നിൻ പദങ്ങളിൽ' എന്ന ഗാനം കേൾക്കുമ്പോൾ നമ്മുടെ ശ്രദ്ധ തട്ടിയെടുത്തേക്കാവുന്ന ഉയർന്ന പിന്നണിതാളവും സ്ത്രീസംഭാഷണങ്ങളും മനസ്സിൽ നിന്നും മായ്ച്ചുകളയുക. ഇവ രണ്ടും ശ്രദ്ധിച്ചാൽ ഇവ രണ്ടിനെയും അനുഗമിക്കുന്ന ദേവസ്വരമെന്നേ നമ്മുടെ സചേതാവസ്ഥ അനുവദിക്കൂ, മനോവിജ്ഞാനീയപരമായ പ്രതിസ്പന്ദനം അങ്ങനെയാണ്. ഈ പാട്ടിലെ നാദേശ്വരൻ ജയചന്ദ്രന്റെ ഇന്ദ്രജാലം അപ്പോൾ നമ്മുടെയുള്ളിൽ തെളിയും. പ്രേംനസീറിന്റെ ചേഷ്ടകളുമായും ചുണ്ടനക്കലുമായും ജയചന്ദ്രനാദം എത്രത്തോളം ചേർന്നിരിക്കുന്നു എന്ന് കേട്ടറിയാം, കണ്ടറിയാം. 'നിൻ പദങ്ങളിൽ നൃത്തമാടിടും എന്റെ സ്വപ്നജാലം..' എന്ന് പാടുമ്പോൾ പദങ്ങളിലൂടെ മന്ദം ഒഴുകുന്ന 'തളരുന്നോ', 'വിളറുന്നോ', 'വാടുന്നു' എന്നീ വാക്കുകൾ കുസൃതിപൂർവ്വം ധ്വനിപ്പിക്കുന്നത് എത്ര ചേതോഹരമായാണ്? ദേവസ്വരം അവനവന്റെ ആത്മാവിൽ തൊട്ടാണ് 'എന്റെ' എന്നു പാടുന്നത്. 'മിഴികളാടി..' എന്ന് മുഴങ്ങി വന്ന് വിബ്രാറ്റോയോടു കൂടി നേർമ്മ പ്രാപിക്കുകയാണ് ആലാപനം. അദ്‌ഭുതകരമായ ശബ്ദനിയന്ത്രണം ! 'തളരുന്നോ', 'വിളറുന്നോ', 'വാടുന്നു' എന്നീ വാക്കുകൾ കുസൃതിപൂർവ്വം ധ്വനിപ്പിക്കുന്നത് എത്ര ചേതോഹരമായാണ്? 'തളരുന്നോ...' എന്ന വാക്കിന്റെ ആവർത്തനത്തിലെ കുസൃതി സ്പഷ്ടമാക്കുമ്പോഴുള്ള ആ മാന്ത്രികനാദത്തിലെ അനായാസത കേട്ടറിയണം. തളരല്ലേ വിളറല്ലേ മധുരനൊമ്പരം തന്ന താരകേ നീ..' എന്നു പാടുമ്പോൾ ജയചന്ദ്രന്റെ ആലാപനത്തിൽ വിസ്മയം ഉദ്ഭവിക്കുകയാണ്, ഓരോ അക്ഷരത്തിന്റെയും ഹൃദയവശീകരണപ്രദമായ സ്ഥാനീകരണം അതിശയകരമാണ്. ''ദമയന്തി നീ നളനാണ് ഞാൻ' എന്ന വരിയിലെ ഏതാനും വാക്കുകൾക്കുമപ്പുറം എന്തൊക്കെയോ മനസ്സിനോട് വിനിമയം ചെയ്യുകയാണ്. നാദദേവന്റെ മുഴങ്ങിയൊഴുകുന്ന സ്വരലയങ്ങൾ 'നിൻ കചൻ ഞാൻ' എന്ന് അനന്തതയിലേക്ക് പറന്നുയരുമ്പോൾ ശ്രോതാവിന്റെ മനസ്സിന് ആ സ്വരപര്യടനത്തിന്റെ ഗംഭീരത അറിയാനാവും, സങ്കൽപ്പങ്ങൾക്ക് തൊടാൻ പോലും സാധിക്കില്ലെങ്കിലും. 'വരുമോ നീ തരുമോ നീ' എന്ന വാക്കുകൾക്കുള്ളിലെ അഭിലാഷത്താലുടലെടുത്ത ഊർജ്ജത്തികവ് കേട്ടാസ്വദിക്കുന്ന ശ്രോതാവിന്റെ ഉള്ളു നിറയ്ക്കുന്നു. 'തരളയൗവ്വനം തന്ന പാരിജാതം...' എന്ന് താഴത്തെ സ്ഥായിയിൽ നിൽക്കുമ്പോൾ എത്ര സ്വാഭാവികമായാണ് ദേവഗായകൻ മുഴക്കവും നുറുങ്ങലുകളും വിരിയിക്കുന്നത് ! ഒരു മിന്നായം പോലെ ഇതൊക്കെ ഉണർത്തിയുറക്കാൻ ഈ ലോകത്ത് ഈ സ്വരദേവനല്ലാതെ മറ്റാര്? അന്യഭാഷാസമ്പ്രദായം ഉൾക്കൊള്ളുന്ന പാട്ടായിട്ടും ജയേട്ടൻ ഓരോ വാക്കും സ്പഷ്ടമായി ഉച്ചരിക്കുന്നത് മറ്റൊരദ്‌ഭുതമാണ്, എല്ലാ സ്വരസ്ഥാനങ്ങളിലും ഏതു വാക്കും കൃത്യമായി ഇതുപോലെ സ്ഥിതിപ്പെടുത്താൻ മറ്റാരുമില്ല.
നിന്‍ പദങ്ങളില്‍ നൃത്തമാടിടും
എന്റെ സ്വപ്നജാലം
നീയൊരു മലര്‍വാടി
മധുമലര്‍മൊട്ടുകള്‍ പോരാടി
മിഴികളാടി
തളരുന്നോ നീ വിളറുന്നോ നീ?
നാണത്തിനാലേ വാടുന്നോ നീ?
തളരല്ലേ വിളറല്ലേ
മധുരനൊമ്പരം തന്ന താരകേ നീ
ദമയന്തി നീ നളനാണു ഞാന്‍
നീ ദേവയാനി നിന്‍ കചന്‍ ഞാന്‍
വരുമോ നീ തരുമോ നീ
തരളയൌവ്വനം തന്ന പാരിജാതം?
‘Nin padangalil’ is a sweet song written by Sreekumaran Thampi and music by Kanu Ghosh.
നിൻ പദങ്ങളിൽ (നാഴികക്കല്ല്, 1970)
Reviewed by Govindan Puthumana
on
June 16, 2020
Rating:
Reviewed by Govindan Puthumana
on
June 16, 2020
Rating:
No comments