എന്റെ ആസ്വാദനകുറിപ്പുകളിലേക്ക് സ്വാഗതം. Beautiful songs sung by Sri. P. Jayachandran with review and lyrics.

പ്രാണവീണതന്‍ (എഴുതാത്ത കഥ, 1970)



ഗാനം:  പ്രാണവീണതന്‍
ചിത്രം: എഴുതാത്ത കഥ
ഗാനരചന: ശ്രീകുമാരൻ തമ്പി
സംഗീതം: വി. ദക്ഷിണാമൂർത്തി 

ചന്ദ്രോദയം പോലെ ശ്രോതൃഹൃദയത്തിൽ കുളിർ വീശുന്ന കവിതാനുഭവം, ദേവഗായകന്റെ പ്രപഞ്ചകൗതുകങ്ങൾ ദ്യോതിപ്പിക്കുന്ന കവിതാവിഷ്കാരം. ‘സാന്ധ്യതാരക സംഗമത്തിന്റെ  ശാശ്വതസ്മൃതിയാകവേ..’ എന്ന് സ്വരേശ്വരനാദത്തിൽ മുഖരിതമാവുമ്പോൾ ഉണരുന്നത് ശ്രോതാവിന്റെ ആത്മാവാണ്. ഇത്രയും ആത്മസംതൃപ്തിദായകമായ ആലാപനസുഖം ശാശ്വതമായ ഒരു മധുരസ്മൃതിയാണ്. ഈ ഗാനാലാപനരംഗത്ത് ചുണ്ടനക്കുന്നത് പ്രേംനസീറാണ്. നിത്യഹരിതനായകന്റെ സവിശേഷമായ ശബ്ദോച്ചാരണത്തിനും അക്ഷരങ്ങൾ ഊന്നുന്നതും ചേരുംപടി ചേരുന്ന ഒരേയൊരു ഗായകസ്വരം ജയചന്ദ്രന്റേതാണെന്ന് സ്പഷ്ടമാക്കുന്ന ഇന്ദ്രിയാനുഭവമാണിത്. ‘വാനദര്‍പ്പണ വര്‍ണ്ണരാജികള്‍ യാമിനിയെപ്പുണരവേ..’ എന്ന വരികൾ ദേവഗായകൻ പൊലിപ്പിക്കുന്നതും ചില്ലക്ഷരമായ 'ർ' ഉച്ചരിക്കുന്നതും അറിഞ്ഞുള്ള ആലാപനാനുഭവമാകുന്നു. 'മാമലകളിൽ പൊൻപുലരിയിൽ മഞ്ഞലയെന്ന പോലവേ..' എന്ന വരികളിലൂടെ ദേവസ്വരം പെയ്തണയുമ്പോൾ ശ്രോതൃചിത്തത്തിൽ പൊൻപുലരിയുടെ മനോഹരചിത്രം ചാർത്തുകയാണ്. പുലരിയുടെ ശാന്തതയും തെളിമയും മാമലകൾക്കിടയിലൂടെ ഉദിച്ചുയരുന്ന സൂര്യശോഭയും മഞ്ഞലകളും മരനിരകളുമെല്ലാം ദേവനാദത്തിലൂടെ നമ്മുടെ മനസ്സിനെ അനുഗ്രഹിക്കുകയാണ്.'പൊൻ' എന്ന വാക്കിൽ 'ൻ' അക്ഷരത്തിന് ഉത്തുംഗത എത്ര സൂക്ഷ്മമായി നൽകിയിരിക്കുകയാണ്…’വാസരക്കുളിര്‍ തെന്നലില്‍ പൂവിന്‍
വാസനയെന്ന പോലവേ..’ തെന്നലിലുലയുന്ന പൂവും അതിൽ നിന്നും പരക്കുന്ന സുഗന്ധവും നമുക്ക്  അനുഭവവേദ്യമാകുന്നത് ദേവഗായകൻ വാക്കുകൾക്കിടയിൽ നൽകുന്ന മനോഹരവിരാമങ്ങളുടെ സ്ഥാനീയത കൊണ്ടാണ്. 'എന്നിലെ എന്നിലെന്റെ വേണുവില്‍ ഇന്നലിഞ്ഞു കഴിഞ്ഞു നീ' എന്നും 'ചിന്തതന്‍ മലര്‍ വല്ലികകളില്‍ മുന്തിരിക്കുല ചാര്‍ത്തി നീ' എന്നും ദേവഗായകൻ സ്വരപ്രവാഹവും അടിയൊഴുക്കുകളുമായി അവിസ്മരണീയവും നിത്യാകർഷകവുമാക്കുന്നു. 'കയങ്ങളിൽ...' എന്ന വാക്കിന്റെ ഒടുവിൽ 'ൽ' എന്ന ചില്ലക്ഷരത്തിനു നൽകുന്ന ഹൃദ്യമായ നീട്ടൽ ആ കയങ്ങളുടെ ആഴം സൂചിപ്പിക്കുന്നു. 'മുത്തു വാരുവാൻ പോരുമോ?' എന്ന വരിയിലെ 'വാ..രുവാൻ' എന്ന ഉച്ചാരണമനോഹാരിത മുത്ത് വാരിയെടുക്കുന്ന ദൃശ്യങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു നമ്മുടെ മനസ്സുകളെ. മുഴക്കമുള്ള മന്ദ്രസ്ഥാനനാദവിശേഷത്താൽ അതിശയകരമായ  ഒരു ഗാനലോകത്തിലെത്തിക്കുകയാണ് നാദദേവൻ.

പ്രാണവീണതന്‍ ലോലതന്ത്രിയില്‍
ഗാനമായി വിടര്‍ന്നു നീ
രാജമല്ലികള്‍ താലമേന്തിയ 
രാഗ ഹേമന്ത സന്ധ്യയില്‍

സാന്ധ്യതാരക സംഗമത്തിന്റെ 
ശാശ്വത സ്മൃതിയാകവേ
വാനദര്‍പ്പണ വര്‍ണ്ണരാജികള്‍
യാമിനിയെപ്പുണരവേ

പ്രാണസിന്ധുവില്‍ പ്രേമലോലയാം
വേണിയായി ലയിച്ചു നീ
ഇന്ദ്രിയങ്ങളില്‍ ആത്മപൂജയാല്‍
ഇന്ദ്രജാലങ്ങള്‍ കാട്ടി നീ
മാമലകളില്‍ പൊന്‍പുലരിയില്‍ 
മഞ്ഞലയെന്ന പോലവേ
വാസരക്കുളിര്‍ തെന്നലില്‍ പൂവിന്‍
വാസനയെന്ന പോലവേ

നിദ്രയില്‍ സ്വപ്നമെന്ന പോലവേ
നിര്‍വൃതിയെന്ന പോലവേ
എന്നിലെ എന്നിലെന്റെ വേണുവില്‍
ഇന്നലിഞ്ഞു കഴിഞ്ഞു നീ

കല്‍പ്പനയില്‍ മഹാബലിപുര 
ശില്‍പ്പഭംഗികള്‍ തീര്‍ത്തു നീ
ചിന്തതന്‍ മലര്‍ വല്ലികകളില്‍
മുന്തിരിക്കുല ചാര്‍ത്തി നീ

അത്തലിന്റെ കയങ്ങളില്‍ നിന്നും 
മുത്തു വാരുവാന്‍ പോരുമോ?
മന്ദഹാസ വസന്ത രേഖയായ് 
നന്ദിനി രാഗ നന്ദിനി

‘Praana veena than’ is a beautiful poem by Sreekumaran Thampi, music done by V. Dakshinamoorthy.


പ്രാണവീണതന്‍ (എഴുതാത്ത കഥ, 1970) പ്രാണവീണതന്‍ (എഴുതാത്ത കഥ, 1970) Reviewed by Govindan Puthumana on June 16, 2020 Rating: 5

No comments

Recent in Fashion

3/Fashion/post-list