എന്റെ ആസ്വാദനകുറിപ്പുകളിലേക്ക് സ്വാഗതം. Beautiful songs sung by Sri. P. Jayachandran with review and lyrics.

ചെമ്പവിഴ ചുണ്ടിൽ (നാഴികക്കല്ല്, 1970)



ഗാനം: ചെമ്പവിഴ ചുണ്ടിൽ
ചിത്രം: നാഴികക്കല്ല്
ഗാനരചന: ശ്രീകുമാരൻ തമ്പി
സംഗീതം: കാനു ഘോഷ്

കാനു ഘോഷ് മലയാളത്തിലാദ്യമായി സംഗീതസംവിധാനം നിർവ്വഹിച്ച 'നാഴികക്കല്ല്' (1970) എന്ന ചിത്രത്തിലെ രണ്ടു ഗാനങ്ങളാണ് 'ചെമ്പവിഴ ചുണ്ടിൽ', 'നിൻ പദങ്ങളിൽ നൃത്തമാടിടും'. ശ്രീ. പി. ജയചന്ദ്രനും ആദ്യമായിട്ടായിരിക്കണം ഒരു അന്യഭാഷാസംഗീതസംവിധായകനോടൊപ്പം പ്രവർത്തിക്കുന്നത്. ഈ രണ്ടു ഗാനങ്ങളും മലയാളിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത മനോഹരഗാനങ്ങളായത് ജയചന്ദ്രന്റെ ശബ്ദമാധുര്യം ഒന്നുകൊണ്ട് മാത്രം. 
ചെമ്പവിഴ ചുണ്ടിൽ ചെത്തിപ്പഴക്കവിളിൽ 
ചുംബനമുന്തിരിപ്പൂവുണ്ടോ...
എത്ര ഹൃദ്യമായാണ് ജയേട്ടൻ ഈ ഗാനം പാടിയിരിക്കുന്നത്? നിത്യഹരിതനായകൻ പ്രേംനസീർ ഗാനരംഗത്ത് പാടി അഭിനയിക്കുമ്പോൾ അതിന് ഏറ്റവും അനുയോജ്യമായ സ്വരം ജയചന്ദ്രന്റേതാണെന്ന് തെളിയിക്കുന്ന ഗാനമാണിത്.  ജയചന്ദ്രന്റെ ആദ്യകാലത്തെ ഹിറ്റ് പ്രണയഗാനങ്ങളിലൊന്നാണിത്. എന്തൊരു നിഷ്കളങ്കതയാണ് ജയചന്ദ്രസ്വരത്തിലും ആലാപനത്തിലും ! 'ചെമ്പവിഴ..' എന്ന വാക്കിലെ നിഷ്പ്രയാസമായ ലയാത്മകതയും 'ചുംബന മുന്തിരി പൂവുണ്ടോ..?' എന്ന വരിയിലെ 'മുന്തിരി' എന്ന വാക്കിന് പുഷ്പിക്കുന്ന വൈകാരികത നൽകുന്നത് ആത്മാവിൽ നിന്നല്ലേ? 'പൂവുണ്ടോ' എന്ന വാക്കിന്റെ അവസാനത്തിൽ നൽകുന്ന നേർത്ത തുടിപ്പുകൾ ചേർക്കുന്ന സൂക്ഷ്മത ഒരു മനുഷ്യസ്വരത്തിൽ അസാദ്ധ്യമാണ്. പഴയൊരു പാട്ട് എന്നതിനേക്കാൾ കേൾവിയിൽ വളരെയേറെ വിഭവങ്ങളുണ്ട് ഈ ഗാനത്തിൽ.അനുപല്ലവിയിലെ  'പൂവൊന്ന്', 'പൂമ്പൊടി', 'പൂങ്കരൾ' എന്നീ വാക്കുകൾക്ക് നൽകുന്ന ആലാപനഭാഷാമാറ്റങ്ങൾ  ശ്രദ്ധിക്കുക, സെക്കന്റുകൾക്കുള്ളിലാണ് ഈ മാറ്റങ്ങൾ. 'മോഹത്തിൽ നീന്തി..' എന്നുള്ള ഉയർന്ന സ്ഥായിയിലുള്ള നിദാനത വാക്കുകൾക്കപ്പുറം നമ്മുടെ അകവുമായി എന്തൊക്കെയോ സംവദിക്കുന്നു. 'മോഹത്തിൽ നീന്തുന്ന' ഈ ആത്മാവിഷ്കാരം ജയചന്ദ്രനാദത്തിൽ എത്ര ഹൃദ്യമാണ് ! 'യാചിച്ചു വന്നൂ നിന്മുന്നിൽ..' എന്ന വാക്കുകളിലടങ്ങിയ ലയത്തികവ് വിരിയിക്കാൻ സാമാന്യമായ സർഗ്ഗശക്തി പോരാ. സ്ഥായികളിലും സ്വരകണങ്ങളിലുമെല്ലാം വിഭാവനകൾക്കുമപ്പുറത്തെ പ്രണയസൗന്ദര്യം വിടർത്തുകയാണ് ജയചന്ദ്രൻ. 'നിൻ മിഴിനീരിനു..' എന്നു തുടങ്ങുന്ന ചരണത്തിലും ദേവഗായകന്റെ 'മനതാരിൻ  ഗാനം' ഓരോ ശ്രോതാവിന്റെയും ഹൃദയഗീതമാവുകയാണ്. മറുഭാഷാശൈലിയിലുള്ള ഈണത്തിന്റെ അളവുമാത്രകൾക്കൊത്ത ഒരു ലളിതഗീതം  കാലക്കയങ്ങളിലും യുഗനീരലകളിലും മുങ്ങിത്താഴാതെ ഉയർന്നു നീന്തുന്നത് ഇതിനെല്ലാമപ്പുറത്തുള്ള സ്വരപ്രകാശനവും ആലാപനപൂർണ്ണതയും കൊണ്ടാണ്. 

ചെമ്പവിഴച്ചുണ്ടിൽ ചെത്തിപ്പഴക്കവിളിൽ
ചുംബനമുന്തിരിപ്പൂവുണ്ടോ 
ചെമ്പവിഴച്ചുണ്ടിൽ ചെത്തിപ്പഴക്കവിളിൽ
ചുംബനമുന്തിരിപ്പൂവുണ്ടോ 
ചെമ്പവിഴച്ചുണ്ടിൽ

പൂവൊന്നു നുള്ളാൻ പൂമ്പൊടി കിള്ളാൻ
പൂങ്കരൾത്തുമ്പിക്കു മോഹം 
മോഹത്തിൽ നീന്തി പ്രാണസഖീ ഞാൻ
യാചിച്ചു വന്നൂ നിൻ മുന്നിൽ 
ചെമ്പവിഴച്ചുണ്ടിൽ ചെത്തിപ്പഴക്കവിളിൽ
ചുംബനമുന്തിരിപ്പൂവുണ്ടോ 
ചെമ്പവിഴച്ചുണ്ടിൽ

നിൻ മിഴിനീരിനു നീരലയാകും
എൻ മനതാരിൻ ഗാനം
ഗാനത്തിൽ നീന്തി പ്രാണസഖീ നീ
ദാഹിച്ചുവരുമോയെൻ മുന്നിൽ 

ചെമ്പവിഴച്ചുണ്ടിൽ ചെത്തിപ്പഴക്കവിളിൽ
ചുംബനമുന്തിരിപ്പൂവുണ്ടോ 
ചെമ്പവിഴച്ചുണ്ടിൽ ചെത്തിപ്പഴക്കവിളിൽ
ചുംബനമുന്തിരിപ്പൂവുണ്ടോ 
ചെമ്പവിഴച്ചുണ്ടിൽ

‘Chempavizha chundil’ is an evergreen romatic song written by Sreekumaran Thampi and tuned by Kanu Ghosh.

ചെമ്പവിഴ ചുണ്ടിൽ (നാഴികക്കല്ല്, 1970) ചെമ്പവിഴ ചുണ്ടിൽ (നാഴികക്കല്ല്, 1970) Reviewed by Govindan Puthumana on June 16, 2020 Rating: 5

No comments

Recent in Fashion

3/Fashion/post-list