കുപ്പായക്കീശ മേൽ (അമ്പലപ്രാവ്, 1970)
ഗാനം: കുപ്പായക്കീശ മേൽ
ചിത്രം: അമ്പലപ്രാവ് (1970)
ഗാനരചന: പി. ഭാസ്കരൻ
സംഗീതം: എം. എസ്. ബാബുരാജ്
1970 ൽ പി. ഭാസ്കരൻ സംവിധാനം ചെയ്ത അമ്പലപ്രാവ്. ഗാനങ്ങൾ പി. ഭാസ്കരന്റെ രചനയിൽ ബാബുരാജിന്റെ ഈണത്തിൽ ഒരുക്കപ്പെട്ടത്.
'കുപ്പായക്കീശ മേൽ കുങ്കുമപ്പൊട്ടു കണ്ടു
കൂട്ടുകാരിന്നെന്നെ കളിയാക്കി'
ശ്രീ. പി. ജയചന്ദ്രൻ ഒരു ഉത്തമഗായകൻ എന്ന സ്ഥാനത്തേക്കുള്ള വളർച്ചയുടെ പടവുകൾ കയറിത്തുടങ്ങിയ കാലമാണിത്. അനനുകരണീയമായ നിഷ്കളങ്കനാദത്തിൽ ഈ ഗാനത്തെ ചിരസ്മരണീയമാക്കിയ ദേവഗായകൻ ജയേട്ടൻ നമ്മുടെ ഹൃദയം കവരുന്നു. ഗൃഹാതുരമായ ഓർമ്മകളുടെ പരിശുദ്ധി ആറാമിന്ദ്രിയം കൊണ്ട് രുചിച്ചറിയാനാവുന്ന ദൈവീകമായ സ്വരവും ആലാപനവും.മധുരമുള്ള ഓർമ്മകൾ പാടുകയാണ് : 'കുപ്പായക്കീശ മേൽ കുങ്കുമപ്പൊട്ടു കണ്ടു...'. സ്നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടിന്റെയും പവിത്രമായ സുന്ദരനാളുകൾ പറന്നുവരുന്നു ദേവനാദച്ചിറകിൽ. ഓർമ്മത്തിരശീലയുടെ ഒരു മൂലയിൽ ശ്രോതൃമനസ്സുകൾ. ദേവസ്വരത്തിന്റെ മാന്ത്രികശാരീരത്തിൽ ഓരോ വാക്കും നൈസർഗ്ഗികശോഭയോടെ വിരിഞ്ഞുവരുന്നു. 'കുങ്കുമപ്പൊട്ടു കണ്ടു..' എന്ന വരിയിൽ 'ങ്കു' എന്ന അക്ഷരത്തിലെ മനോഹരമായ ഒഴുക്കിലും 'പ്പൊ' എന്ന അക്ഷരത്തിന്റെ വിഭിന്നതയിലും തെളിയുന്ന ചിത്തപ്രസാദം ഒരനുഭവമാണ്. നമ്മുടെ ഉൾത്തുടിപ്പുകളെപ്പോലും തഴുകുന്ന മുഴക്കവൈശിഷ്ട്യമാണ് ദേവനാദഭാവസന്നിവേശങ്ങൾ നമുക്ക് സമ്മാനിക്കുന്നത്. 'കൂട്ടുകാരിന്നെന്നെ' എന്ന വാക്കിലെ അവരോഹണസ്വരക്രമം വരച്ചിടുന്നത് സങ്കോചസ്പർശിതമായ മുഖഭാവങ്ങളല്ലേ? 'കിളിവാലൻ മുടിക്കുള്ളിൽ' എന്നുച്ചരിക്കുമ്പോൾ എന്തോ ഒരു കൗതുകമാണ് ആലാപനത്തിൽ. 'കഥയുണ്ടാ..ക്കി..' എന്ന വാക്കിലെ നർമ്മത്തിനു സമമായി മറ്റൊന്നുമില്ലാത്ത അദ്‌ഭുതതലം നമ്മുടെ ഹൃദയഭാവനകൾക്ക് തൊട്ടറിയാം. സ്വർഗ്ഗീയകല്പനകളിലേക്ക് ഉയർന്നു പറക്കുകയാണ്..'കണ്ണിതിൽ സുന്ദരവാസരസ്വപ്‌നങ്ങൾ' എന്നു താരസ്ഥായിയിലേക്ക് നമ്മുടെ മനസ്സുകളും യാത്ര ചെയ്യുമ്പോൾ. ശബ്ദമനോഹാരിത പകർന്നുനൽകുന്നത് സ്വപ്നത്തിനും മീതെയുള്ള ആനന്ദമെങ്കിലും ആലാപനത്തിന്റെ വഴികളിൽ നിറയുന്നത് വിനോദമൂഹൂർത്തങ്ങളുടെ ദൃശ്യങ്ങളാണ്. പരന്നൊഴുകുന്ന ആലാപനവിശേഷത്തിനുള്ളിലെല്ലാം ആത്മപ്രണയത്തിന്റെ തേൻതുള്ളികൾ സൂക്ഷ്മമായി അടക്കിയിരിക്കുകയാണ്.
കുപ്പായ കീശമേല്‍ കുങ്കുമ പൊട്ടു കണ്ടു....
കൂട്ടുകാര്‍ ഇന്നെന്നെ കളിയാക്കി
എന്റെ കൂട്ടുകാരിന്നെന്നെ കളിയാക്കി
കിളിവാലൻ മുടിക്കുള്ളിൽ കുടമുല്ല പൂവ് കണ്ടു
കിളിവാലൻ മുടിക്കുള്ളിൽ കുടമുല്ല പൂവ് കണ്ടു
കളിതോഴന്മാർ കഥയുണ്ടാക്കി ....(കുപ്പായ കീശമേല്‍...)
കണ്ണിതിൽ സുന്ദരവാസരസ്വപ്നങ്ങൾ തൻ
കളിയാട്ടം കണ്ടവർ കളിയാക്കി... കണ്ണിതിൽ
സംഗീതമറിയാതെൻ ചുണ്ടുകൾ മൂളിയപ്പോൾ ( 2 )
സങ്കൽപ്പകാമുകനെന്നവർ വിളിച്ചു എന്നെ
സങ്കൽപ്പകാമുകനെന്നവർ വിളിച്ചു....(കുപ്പായ കീശമേല്‍...)
ഉദ്യാനവീഥികളിൽ ഒറ്റയ്ക്ക് നടക്കുമ്പോൾ
ചുറ്റിനും വന്നവർ ചിരിമുഴക്കി ( 2 )
താഴത്തു വീണൊരു പട്ടുറുമാലെടുത്തു (2 )
ഇല്ലാത്ത ചോദ്യശരമവരെയ്‌തു ....(കുപ്പായ കീശമേല്‍...)
‘Kuppaaya keesha mel’ is a sweet romantic song composed by M. S. Baburaj written by P. Bhaskaran.
കുപ്പായക്കീശ മേൽ (അമ്പലപ്രാവ്, 1970)
Reviewed by Govindan Puthumana
on
June 16, 2020
Rating:
Reviewed by Govindan Puthumana
on
June 16, 2020
Rating:
No comments