എന്റെ ആസ്വാദനകുറിപ്പുകളിലേക്ക് സ്വാഗതം. Beautiful songs sung by Sri. P. Jayachandran with review and lyrics.

തുള്ളിയോടും പുള്ളിമാനെ (കണ്ണൂർ ഡീലക്സ്, 1969)



ഗാനം:  തുള്ളിയോടും പുള്ളിമാനെ 
ചിത്രം: കണ്ണൂർ ഡീലക്സ്   (1969)
ഗാനരചന: ശ്രീകുമാരൻ തമ്പി 
സംഗീതം: വി. ദക്ഷിണാമൂർത്തി 

ജയചന്ദ്രന്റെ ദേവസ്വരത്തിനൊത്ത് ആടിത്തിമിർക്കുന്ന കാവടിയാട്ടത്തിന്റെയും കരകാട്ടത്തിന്റെയും ശൈലിയിലുള്ള വാപനസംഗീതം, പതിതാളത്തിൽ തുടങ്ങി മുറുകി ദ്രുതതാളത്തിലേക്ക് ഇരച്ചുകയറുന്ന ദേവനാദസംഗീതം. ഒരുത്സവത്തിന്റെ പരിവേഷം നൽകുകയാണ് ദേവഗായകന്റെ ആലാപനം. ചടുലമായ പ്രണയതാളങ്ങളിലൂടെ ദേവഗായകന്റെ സ്വരമാധുര്യം പ്രവഹിക്കുമ്പോൾ ആരോഹണശ്രേണിയിലുള്ള സരസാംഗീസ്പർശ 'സ്വാമി'സംഗീതത്തിന് സമ്പൂർണ്ണലയം. ഗാനരചന ശ്രീകുമാരൻ തമ്പി. 'കണ്ണൂർ ഡീലക്‌സ്' എന്ന പരിധി വിട്ടു തുള്ളിയോടുന്ന പുള്ളിമാനെ പിന്തുടരുന്ന കുസൃതിയും ചെറുപ്രണയകലഹങ്ങളുമെല്ലാം സ്വരവ്യതിയാനങ്ങളിൽ വിരിയിക്കുന്ന ദേവഗായകന്റെ സുന്ദരശബ്ദം. ഇന്നും ആബാലവൃദ്ധം ജനങ്ങളെ നാദത്തിലെ താളകൊഴുപ്പു കൊണ്ട് ആസ്വദിച്ച് ഒപ്പം കയ്യടിപ്പിക്കുകയും ആ താളത്തിനൊപ്പം തലയാട്ടിക്കുകയും ചെയ്യാൻ ജയേട്ടനല്ലാതെ മറ്റാർക്ക് സാധിക്കും? ആത്മനിഷ്ഠയോടെ ദേവസ്വരത്തിന്റെ താളജ്ഞാനപ്രാപ്തികൾ തൊട്ടറിഞ്ഞ ദക്ഷിണാമൂർത്തിയുടെ സമർപ്പിതമായ ദക്ഷിണാഗീതം കൂടിയാണിതെന്ന് കരുതുന്നു. ഹർഷോന്മാദമുയർത്തുന്ന ദേവനാദത്തിന്റെ തുള്ളിക്കളിയാട്ടമാണീ ഗാനം. 'തുള്ളി ഓടും പുള്ളിമാനെ നില്ല്' എന്ന വരിയിൽ 'ഓടും' എന്ന വാക്കിന് നൽകുന്ന ഉച്ചാരത്തിലെ ഔന്നത്യവും 'നില്ല്' എന്ന വാക്കിനു കൊടുക്കുന്ന പിൻവലിവും ഈ ഗാനാരംഭത്തിന് നൽകുന്ന വശ്യത ചെറുതല്ല. 'ചൊല്ല് ചൊല്ല്' എന്ന് പാടിക്കേൾക്കുമ്പോൾ ആരും ചൊല്ലിപ്പോകും. 'മാൻ പേട പോലെ..' എന്നു തുടങ്ങുന്ന ചരണത്തിൽ അദ്‌ഭുതകരമായി നീട്ടിയും കുറുക്കിയും സ്വരഭേദങ്ങൾ കൊണ്ട് മായാജാലം സൃഷ്ടിക്കുകയാണ്. എത്ര ലളിതമനോഹരമായാണ് ജയേട്ടൻ 'മാനത്തുംകാവിലെ മാലാഖപ്പെണ്ണി' നെപ്പറ്റി പാടുന്നത്? 'പവിഴമാല പോലെ..' എന്ന ഭാഗത്ത് ഉയർന്ന സ്ഥായിയിലും അതുപോലെ 'പൊൻകിനാവു പോലെ..' എന്ന ഭാഗത്തിനഗ്രത്ത് താഴത്തെ സ്ഥായിയിലും ദേവസ്വരത്തിന് ഇനിയുമേറേ സഞ്ചരിക്കാനുണ്ടെന്ന പ്രതീതിയുളവാക്കുന്നു. 'എന്തിനായി വന്നു വീണു?' എന്ന ചോദ്യത്തിലെ സൂചകങ്ങൾക്കുള്ളിൽ കൗശലം ഒളിപ്പിച്ചത് ശ്രദ്ധിച്ചുവോ? 'നീ എന്റെ മുന്നിൽ മിന്നി നിന്നു...' എന്ന വരിയുടെ അന്താക്ഷരമായ 'ന്നു' വിൽ നിന്നും ദേവഗായകൻ ഒരു വനിതാരൂപം വരച്ചെടുക്കുകയാണ്, സ്വരത്തിൽ ആ വരഭംഗികൾ പോലും  തെളിയുകയാണ്. അടുത്ത ചരണത്തിൽ 'രാവണൻ' 'മാമുനി' എന്നും 'വീഴ്ത്തി' എന്നുമുള്ള ഉച്ചാരണവൈശിഷ്ട്യങ്ങൾ അപൂർവ്വമായ ആസ്വാദനാനുഭവങ്ങളാണ്. 'ഇന്നു വന്നെൻ കരളുമെയ്തു...എന്റെ സുന്ദരീ ഞാനെന്തു ചെയ്തൂ..' എന്നുള്ള ആലാപനത്തിനുള്ളിൽ അദൃശ്യമായ കുസൃതിയുടെ നുറുങ്ങുശബ്ദചിത്രങ്ങളാണ് ' യ്തൂ..' എന്ന അക്ഷരത്തിന്റെ ഇളകിയാട്ടത്തിൽ. താളം മുറുകിവരുന്നു. ദേവനാദപ്രവാഹത്തിന് ആക്കം കൂടുന്നു. അനുകാരിയുടെ ചലനങ്ങൾക്കും വേഗത കൂടുന്നതായി നാമറിയുകയാണ്. ആനുകാരിയുടെ ഉദ്യമം വിജയിക്കുമോ ഇല്ലയോ എന്നുള്ള ആകാംക്ഷ നിലനിർത്തുന്നു നിത്യഹരിതാനാദം. പരിസരം മറന്നുപോകുന്ന പ്രണയാവസ്ഥകൾ. 'ആരും നിന്റെ മുന്നിൽ വീണു പോകും....' എന്നതിൽ 'വീഴ്ച'യുടെ ആഴമറിഞ്ഞുവോ? 'കും' എന്ന അക്ഷരത്തിനു നൽകുന്ന മന്ദക്രമത്തിലുള്ള കൃശസ്പർശം എത്ര സുന്ദരം..

തുള്ളിയോടും പുള്ളിമാനെ നില്ല്
നിന്റെ വള്ളിമേടക്കാടെവിടേ ചൊല്ല് ചൊല്ല്
നില്ല് നില്ല് - ചൊല്ല് ചൊല്ല്

മാന്‍പേടപോലെ മയില്‍പ്പേടപോലെ
മാനത്തും കാവിലെ മാലാഖപ്പെണ്ണ്
പദ്മരാഗരത്നമാല പവിഴമാലപോലെ...
പാരിജാതപ്പൂവനത്തിന്‍ പൊന്‍ കിനാവുപോലെ..
എന്തിനായി വന്നുവീണൂ നീ
എന്റെ മുന്നില്‍ മിന്നിനിന്നൂ
തുള്ളിയോടും പുള്ളിമാനെ നില്ല്
നിന്റെ വള്ളിമേടക്കാടെവിടേ ചൊല്ല് ചൊല്ല്
നില്ല് നില്ല് - ചൊല്ല് ചൊല്ല്

രംഭയായി വന്നു പെണ്ണ് രാവണനെ വീഴ്ത്തീ
മേനകയായ്‌ വന്നുപിന്നെ മാമുനിയെവീഴ്ത്തി
ഇന്നുവന്നെന്‍ കരളുമെയ്തൂ
എന്റെ സുന്ദരീ ഞാനെന്തുചെയ്തൂ
തുള്ളിയോടും പുള്ളിമാനെ നില്ല്
നിന്റെ വള്ളിമേടക്കാടെവിടേ ചൊല്ല് ചൊല്ല്
നില്ല് നില്ല് - ചൊല്ല് ചൊല്ല്

കാമദേവന്‍ കാണാതെ കട്ടെടുത്ത മേനീ
കറുത്തവാവുകാണാതെ കടഞ്ഞെടുത്ത വേണി
കണ്ടാല്‍ മനം മാണ്ടുപോകും
ആരും നിന്റെ മുന്നില്‍ വീണുപോകും
തുള്ളിയോടും പുള്ളിമാനെ നില്ല്
നിന്റെ വള്ളിമേടക്കാടെവിടേ ചൊല്ല് ചൊല്ല്
നില്ല് നില്ല് - ചൊല്ല് ചൊല്ല്

‘Thulliyodum Pullimaane’ is a pulsating love song in movie ‘Kannur Deluxe’, lyrics by Sreekumaran Thampi and music done by V. Dakshinamoorthy.

തുള്ളിയോടും പുള്ളിമാനെ (കണ്ണൂർ ഡീലക്സ്, 1969) തുള്ളിയോടും പുള്ളിമാനെ (കണ്ണൂർ ഡീലക്സ്, 1969) Reviewed by Govindan Puthumana on June 13, 2020 Rating: 5

No comments

Recent in Fashion

3/Fashion/post-list