കരിമുകിൽ കാട്ടിലെ (കള്ളിച്ചെല്ലമ്മ, 1969)
ഗാനം: കരിമുകിൽ കാട്ടിലെ
ചിത്രം: കള്ളിച്ചെല്ലമ്മ (1969)
ഗാനരചന: പി. ഭാസ്കരൻ
സംഗീതം: കെ. രാഘവൻ
ആ ചക്രവാളവും കടന്ന് സുന്ദരനഭസ്സിലേക്ക് ഉയർന്നുപോകുന്ന ശ്രീ. പി. ജയചന്ദ്രന്റെ ദേവസ്വരം അവിടെ ദു:ഖത്തിന്റെ കാർമേഘങ്ങളാകുന്നു....ഭൂമി ആ കാർമേഘത്തോടു മെല്ലെ ചൊല്ലുന്നു.."ദേവസ്വരത്തിലുള്ള ആ ഗദ്‌ഗദം മതിവരുവോളം കൊതി തീരെ ആസ്വദിക്കാൻ അനുവദിക്കുമോ..ഒരിക്കൽക്കൂടി" ആ ദു:ഖമേഘം വീണ്ടും വീണ്ടും പെയ്യുന്നു..വീണ്ടും വീണ്ടും..തിരമാലകളെയും ഈ മണ്ണിലും ജീവജാലങ്ങളിലും അലിഞ്ഞുചേർന്ന ശബ്ദം..ആലാപനം..പി. ഭാസ്കരൻ-കെ. രാഘവൻ ടീമിന്റെ "കള്ളിച്ചെല്ലമ്മ" എന്ന ചിത്രത്തിലെ ഗാനം, ആദ്യം പാടാൻ നിശ്ചയിച്ചത് സുന്ദരമായ പ്രണയഗാനം, അന്നത്തെ പുതുമുഖഗായകന് വേണ്ടി അത് നൽകി, ഈ ഗാനം ഏറ്റെടുത്ത് മാതൃകയായ ശ്രീ. പി. ജയചന്ദ്രൻ! അപ്പോൾ പിറന്നത് മോഹനരാഗത്തിൽ ഉരുക്കിയെടുത്ത ഈ ചരിത്രം സൃഷ്ടിച്ച ദു:ഖഗാനം! ഗാനം എന്തായാലും സന്ദർഭം ഏതായാലും വരികൾ എങ്ങനെയായാലും ഈ പ്രകൃതിയുടെ ഏറ്റവും സുന്ദരമായ ജയചന്ദ്രന്റെ ശബ്ദത്തിലാണ് ഗാനമെങ്കിൽ അത് ചരിത്രം സൃഷ്ടിക്കുമെന്ന് തെളിയിച്ച സംഗീതാനുഭവം. ആ സ്വരവും ആലാപനവും നമ്മുടെ ഹൃദയങ്ങളിൽ രക്തത്തിൽ അലിഞ്ഞിരിക്കുന്നു..ഈ ദു:ഖഗാനവും..!
ഹൃദയം പറിച്ചെടുത്തുകൊണ്ട് അകന്നുപോകുന്ന കടത്തുവള്ളം പകരുന്ന വികാരം തീവ്ര ദുഖത്തിന്റെയും പ്രാണവേദനയുടേതുമാണ്. കടത്തുവള്ളം യാത്രയാകുമ്പോൾ കടവിലും ആത്മാവിലും ശൂന്യത മാത്രമാണ്. ആ ശൂന്യത ഉള്ളിലുണർത്തുന്നത് ഹൃദയത്തെ ആഴത്തിൽ മുറിവേൽപ്പിക്കുന്ന വിരഹവേദനയും ഉയരുന്ന തേങ്ങലുകളുമാണ്. മറ്റേത് സ്വരത്തിൽ ഇത്രയും വികാരനിർഭരമായ ആവിഷ്കാരം സാധ്യമാകും?
ഏകാന്തതയുടെ ദൈന്യ ചിത്രങ്ങൾക്ക് പശ്ചാത്തലമായി ഒരു അശരീരി പോലെ അദ്‌ഭുത സ്വരജാലം ഒഴുവരികയാണ്. ആ സ്വരം ഒറ്റപ്പെട്ടുപോയ ആത്മാവിനെ തൊട്ട് ചോദിക്കുകയാണ്. "ഇനിയെന്നു കാണും നിങ്ങൾ?" അതിന്റെ പ്രതിധ്വനി പോലെ തിരമാല പതിയെ ചൊല്ലുകയാണ്. "ഇനിയെന്ന് കാണും നമ്മൾ..".
പള്ളിത്തേരിൽ മടങ്ങിപ്പോകുന്ന മധുമാസ ചന്ദ്രലേഖ പോലെയാണ് ജയചന്ദ്രനാദം ഈ ഗാനത്തിൽ രാക്കിളിയെ കരയിക്കുന്നതും ആ കരച്ചിൽ നമ്മുടെ ഹൃദയത്തിലേക്ക് ചൊരിയുന്നതും. മലയാള ചലച്ചിത്ര സംഗീത ചരിത്രത്തിലെ എണ്ണപ്പെട്ട ഭാവഗീതങ്ങളിലൊന്നാണ് "കരിമുകിൽ കാട്ടിലെ". ഈ ഗാനം മറ്റൊരു സ്വരത്തിൽ കേൾക്കുന്നത് മലയാളിക്ക് ഒന്ന് ചിന്തിക്കാൻ പോലുമാകില്ലെന്ന യാഥാർഥ്യം സൃഷ്‌ടി വേളയിൽത്തന്നെ തിരിച്ചറിഞ്ഞ രാഘവൻ മാസ്റ്റർ എന്ന മഹാ സംഗീത സംവിധായകന്റെ ദീർഘവീക്ഷണത്തെ ഹൃദയപൂർവം പ്രണമിക്കേണ്ടതാണ്. ഗാനമേളകളിൽ ജയചന്ദ്രസ്വരത്തിൽ ഈ ഗാനം കേട്ടുകഴിഞ്ഞാൽത്തന്നെ വിഷാദാർദ്രമായ ഒരന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നതും സദസ്യർ ഒഴുകിവരുന്ന കണ്ണീർ ചാലുകൾ തുടച്ചുമാറ്റാൻ പ്രയാസപ്പെടുന്നത് ഒരു പതിവു കാഴ്ചയാണ്.
കരിമുകിൽ കാട്ടിലെ രജനി തൻ വീട്ടിലെ
കനകാംബരങ്ങൾ വാടി
കടത്തു വള്ളം യാത്രയായീ യാത്രയായീ
കരയിൽ നീ മാത്രമായി......
ഇനിയെന്നു കാണും നമ്മൾ
തിരമാല മെല്ലെ ചൊല്ലി....
ചക്രവാളമാകെ നിന്റെ
ഗദ്ഗദം മുഴങ്ങീടുന്നു.......
കരയുന്ന രാക്കിളിയെ
തിരിഞ്ഞൊന്നു നോക്കീടാതെ
മധു മാസ ചന്ദ്ര ലേഖ
മടങ്ങുന്നു പള്ളി തേരിൽ......
"Karimukil kaattile" is a heart touching evergreen song written by P. Bhaskaran and composed by K.Raghavan.
കരിമുകിൽ കാട്ടിലെ (കള്ളിച്ചെല്ലമ്മ, 1969)
Reviewed by Govindan Puthumana
on
June 13, 2020
Rating:
Reviewed by Govindan Puthumana
on
June 13, 2020
Rating:
No comments