വെള്ളിലക്കിങ്ങിണി താഴ്വരയിൽ (കാക്കത്തമ്പുരാട്ടി , 1970)
ഗാനം: വെള്ളിലക്കിങ്ങിണി
ചിത്രം: കാക്കത്തമ്പുരാട്ടി (1970)
ഗാനരചന: ശ്രീകുമാരൻ തമ്പി
സംഗീതം: കെ. രാഘവൻ
ഇരുപത്തിയഞ്ചുകാരനായിരുന്ന ദേവഗായകൻ ജയേട്ടന്റെ നാടോടിശൈലിയിലുള്ള അപൂർവ്വസുന്ദരഗീതം. എത്ര അനായാസമായിട്ടാണ് ആ വരികളിലൂടെ ദേവസ്വരം ഒഴുകിപ്പോവുന്നത്? സ്വരത്തോടൊപ്പമോ..വിഷാദഛായകൾ ഇഴ ചേർക്കുന്ന എടുപ്പുകൾ അങ്ങിങ്ങായി..ഇങ്ങനെ പാടാനാവുമോ ആർക്കെങ്കിലും? കുട്ടിക്കാലത്ത് നമ്മുടെയുള്ളിൽ ആശ്ചര്യവും സംഭ്രമവും വിഭ്രമവും കോരിയൊഴിച്ച ഒരുഗ്രൻ ഈസോപ്പുകഥയുടെ പാട്ടാവിഷ്കാരമാണിത്, ഒരു സമഗ്രകഥപ്പാട്ട്. സങ്കീർണ്ണതയെ ലളിതമാക്കുന്ന നാദേശ്വരമാർഗ്ഗം. ഒരു ഗായകനാലും അസാദ്ധ്യമായ ആലാപനസിദ്ധി ദേവഗായകൻ പ്രകടിപ്പിക്കുകയാണ്. കഥാമണ്ഡലത്തെ ഒരു ഗോളസ്വരമണ്ഡലമായി മാറ്റി ആ ഗോളമണ്ഡലത്തെ നാലായി വിഭജിക്കുകയാണ് ദേവഗായകൻ. ഓരോ ഗോളഖണ്ഡത്തിനും അനുപമമായ ആത്മാലാപനത്തികവാൽ അനുഗ്രഹിക്കുകയാണ് ജയേട്ടൻ. ഓരോ ഖണ്ഡസന്ധികളും നമ്മുടെയുള്ളിൽ ആകാംക്ഷയുടെ വീചികളിളക്കുന്നു. ഓരോ നാടോടിത്താളക്രമത്തിനുമൊത്ത് ഓരോ ഖണ്ഡപ്രതലത്തിലൂടെയും അക്ലിഷ്ടചാരുതയോടെ 'തുള്ളിക്കളിയാടുകയാണ്' നിത്യഹരിതശബ്ദം.
'വെള്ളിലക്കിങ്ങിണി താഴ്‌വരയില്‍ ഓ…...' എന്ന് ദേവഗായകൻ പാടുമ്പോൾ അതിമനോഹരമായ താഴ്വരയുടെ ദൃശ്യങ്ങളടങ്ങിയ ആദ്യപാദം. ' വെള്ളാമ്പല്‍ പൊയ്കതന്‍ കല്‍പടവില്‍..' ശാന്തമായ വെള്ളാമ്പൽപ്പൊയ്കയുടെ സുന്ദരതീരത്തേക്ക് മനസ്സുകളെ ആനയിക്കുന്ന ദേവാലാപനവൈഭവം ഒരു വിശിഷ്ടാനുഭവമാണ്. സൗമ്യമനോഹരമായ ആ കൽപ്പടവിലേക്ക് വർദ്ധിച്ച ആഹ്ളാദത്തോടുകൂടി ഒരു ചെമ്മരിയാട്ടിൻ കുട്ടി തുള്ളിക്കളിയാടി ഓടി വരുന്നു...ദേവസ്വരത്തിൽ 'തുള്ളിത്തുള്ളി കളിയാടി വന്നൊരു..ചെമ്മരിയാട്ടിന്‍ കുട്ടി..' എന്നു കേൾക്കുമ്പോൾ ആട്ടിൻകുട്ടിയുടെ ആത്മഹർഷത്തോടൊപ്പം നമ്മളിലും ഉന്നതമായ ആനന്ദവൈകാരികസ്ഥിതി തുടിച്ചുതുള്ളുകയല്ലേ?
ദേവഗായകൻ അനുഭവങ്ങളുടെ മറ്റൊരു ലോകം അനാവരണം ചെയ്യുകയാണ് 'ചോര മണത്തു..' എന്ന അനുപല്ലവിയിൽ. നാടോടിയീണങ്ങളുടെ മൂളിച്ചയ്ക്കിടയിൽ ദേവസ്വരം ഉയർന്നുപറക്കുകയാണ്, ആ സ്വരം ചെമ്മരിയാടിന്റെ ദുർബ്ബലതയും ചെന്നായയുടെ ക്രൗര്യവും ഈ രംഗത്തിന് സാക്ഷിയാകേണ്ടി വന്ന വനഹൃദയത്തിന്റെ ദു:ഖചേഷ്ടിതമായ തരിപ്പുമടങ്ങുന്ന അനുകമ്പാർഹമായ ചിത്രം ശ്രോതൃചിത്തത്തിൽ വരയ്ക്കുകയാണ്. 'അക്കരെ നില്‍ക്കും ആട്ടിന്‍ കുട്ടിയെ
ഇക്കരെ നിന്നു കൊതിച്ചു..' മറ്റേതു പുരുഷസ്വരത്തിൽ നാം കേട്ടാലും 'കൊതി' എന്നീ രണ്ടക്ഷരങ്ങൾ നമ്മുടെ ശ്രവണേന്ദ്രിയത്തിലെത്തും, ഉടൻ മറയും. ജയേട്ടൻ പാടുമ്പോൾ പീഡനത്തിന്റെയും വേദനയുടെയും നിസ്സഹായാവസ്ഥയുടെയും അരക്ഷിതാവസ്ഥയുടെയും നിശബ്ദമായ നിമിഷവിടവുകൾ മുറിവുകളായി നീറുകയാണ്. അടുത്ത ചരണത്തിൽ ജയചന്ദ്രനാദത്തിന്റെ അദ്‌ഭുതാവഹമായ പാട്ടാവിഷ്കാരവഴക്കം ശ്രോതാവിന്റെ ആസ്വാദനശേഷിയുടെ വേറൊരു താളം നൽകുകയാണ്. ഇന്ദ്രിയങ്ങളിൽ നിന്നുമകന്ന് നമ്മൾ വെള്ളിലക്കാട്ടിലെത്തുകയാണോ? എന്നു തോന്നിപ്പോകും. ചെന്നായ ഗർജ്ജിക്കുന്നത് നമ്മുടെ നേരെയാണോ? ‘ദാഹമടക്കാനുള്ളൊരു വെള്ളം നീയെന്തിനായി കലക്കി? ചെന്നായങ്ങനെ ഗര്‍ജ്ജിച്ചപ്പോള്‍..’ വേദനാനുഭവങ്ങൾ തുളച്ചുകയറുന്ന ചില മുഹൂർത്തങ്ങൾ, ആസ്വാദനത്തിന്റെ മറ്റൊരു ഘട്ടം. ‘...കുഞ്ഞു കിടാവു പറഞ്ഞു….തള്ളമരിച്ചൊരു ചെല്ലക്കുട്ടി...ചെയ്തിട്ടില്ലൊരു തെറ്റും….കൊല്ലരുതെന്നെ ഞാനൊരനാഥ...തള്ളരുതെന്നെ ഇരുളില്‍…..തള്ളരുതെന്നെ ഇരുളില്‍’ പ്രാണഭയവും ദു:ഖവികാരങ്ങളും ഉൾപ്രവേശിക്കുകയാണോ? ചെമ്മരിയാടിന്റെ ആന്തരികവികാരവിചാരങ്ങൾ എത്ര പ്രയാസരഹിതമായാണ് ആലാപനത്തിലൂടെ പ്രതിഫലിപ്പിക്കുന്നത്? ദേവസ്വരത്തിൽ ശ്രോതാവ് ക്രൂരമായ രംഗചിത്രീകരണം കാണുകയാണ്, കേൾക്കുക മാത്രമല്ല...ചെമ്മരിയാടിന്റെ ദീനരോദനം പ്രതിധ്വനിക്കുന്നത് വെള്ളാരംപൊയ്കയോരത്തു മാത്രമല്ല താഴ്വരയിലും വെള്ളാമ്പൽപ്പൂഞെട്ടിലും വെള്ളിലക്കാടിന്റെ ഓരോ മൺതരികളിലും...ഇതൊരനുഭവമായി ശ്രോതാവിനെ ആശ്ളേഷിക്കുകയാണ്, ശ്രോതാവിന്റെ മിഴിയിണകൾ ചൊരിയുന്നത് ഹൃദയാർദ്രതയുടെ ബാഷ്പധാരകളാണ്.
വെള്ളിലക്കിങ്ങിണി താഴ്‌വരയില്‍
വെള്ളാമ്പല്‍ പൊയ്കതന്‍ കല്‍പടവില്‍
തുള്ളിത്തുള്ളി കളിയാടി വന്നൊരു
ചെമ്മരിയാട്ടിന്‍ കുട്ടി
ചെമ്മരിയാട്ടിന്‍കുട്ടി
വെള്ളിലക്കിങ്ങിണി താഴ്‌വരയില്‍
വെള്ളാമ്പല്‍ പൊയ്കതന്‍ കല്‍പടവില്‍
തുള്ളിത്തുള്ളി കളിയാടി വന്നൊരു
ചെമ്മരിയാട്ടിന്‍ കുട്ടി
ചെമ്മരിയാട്ടിന്‍കുട്ടി
ചോര മണത്തു മണത്തൊരു ചെന്നായ്
നീരാട്ടു കടവില്‍ വന്നു
ചോര മണത്തു മണത്തൊരു ചെന്നായ്
നീരാട്ടു കടവില്‍ വന്നു
അക്കരെ നില്‍ക്കും ആട്ടിന്‍ കുട്ടിയെ
ഇക്കരെ നിന്നു കൊതിച്ചു
ഇക്കരെ നിന്നു കൊതിച്ചു
വെള്ളിലക്കിങ്ങിണി താഴ്‌വരയില്‍
വെള്ളാമ്പല്‍ പൊയ്കതന്‍ കല്‍പടവില്‍
തുള്ളിത്തുള്ളി കളിയാടി വന്നൊരു
ചെമ്മരിയാട്ടിന്‍ കുട്ടി
ചെമ്മരിയാട്ടിന്‍കുട്ടി
ദാഹമടക്കാനുള്ളൊരു വെള്ളം
നീയെന്തിനായി കലക്കി?
ചെന്നായങ്ങനെ ഗര്‍ജ്ജിച്ചപ്പോള്‍
കുഞ്ഞു കിടാവു പറഞ്ഞു
തള്ളമരിച്ചൊരു ചെല്ലക്കുട്ടി
ചെയ്തിട്ടില്ലൊരു തെറ്റും
കൊല്ലരുതെന്നെ ഞാനൊരനാഥ
തള്ളരുതെന്നെ ഇരുളില്‍
തള്ളരുതെന്നെ ഇരുളില്‍
വെള്ളിലക്കിങ്ങിണി താഴ്‌വരയില്‍
ചെന്നായ് നാവു നുണഞ്ഞു കുതിച്ചു
ചെമ്മരിയാടു പിടഞ്ഞു
ചെന്നായ് നാവു നുണഞ്ഞു കുതിച്ചു
ചെമ്മരിയാടു പിടഞ്ഞു
വെള്ളാമ്പല്‍പൂ ഞെട്ടിയുലഞ്ഞു
വെള്ളിലക്കാടു കരഞ്ഞു
വെള്ളിലക്കാടു കരഞ്ഞു
വെള്ളിലക്കിങ്ങിണി താഴ്‌വരയില്‍
‘Vellila kingini thaazhvarayil’ is a touching story-based song written by Sreekumaran thampi and composed by K. Raghavan master.
വെള്ളിലക്കിങ്ങിണി താഴ്വരയിൽ (കാക്കത്തമ്പുരാട്ടി , 1970)
Reviewed by Govindan Puthumana
on
June 19, 2020
Rating:
Reviewed by Govindan Puthumana
on
June 19, 2020
Rating:
No comments