എന്റെ ആസ്വാദനകുറിപ്പുകളിലേക്ക് സ്വാഗതം. Beautiful songs sung by Sri. P. Jayachandran with review and lyrics.

ശ്രീനഗരത്തിലെ (നിലയ്ക്കാത്ത ചലനങ്ങൾ, 1970)


ഗാനം:  ശ്രീനഗരത്തിലെ
ചിത്രം: നിലയ്ക്കാത്ത ചലനങ്ങൾ (1970)
ഗാനരചന: വയലാർ രാമവർമ്മ    
സംഗീതം: ജി. ദേവരാജൻ  

കേരളത്തിന്റെ മലയാളഭാഷയിലുള്ള ഗൃഹാതുരവിളംബരഗീതമാണിത്, ദൈവത്തിന്റെ സ്വരത്തിലാണ് നാദദേവൻ ഈ പാട്ടുപാടുന്നത്. കേരളീയസംസ്കാരത്തിന്റെ സുവർണ്ണനാദവും മലയാളസംഗീതസംസ്കാരവുമാണ് ദേവഗായകൻ ജയേട്ടൻ. ശിശിരമനോഹരചന്ദ്രികയുടെ കനകവിമാനത്തിലിരുത്തി മലയാളിയെ പാടാനും, പ്രണയിക്കാനും, സ്നേഹിക്കാനും, പങ്കുവയ്ക്കാനും, കൂട്ടുകൂടാനുമെല്ലാം പഠിപ്പിക്കുന്ന ദേവസ്വരം ഇവിടെ മലയാളമണ്ണിലേക്ക് ഒരു ഹൃദയാടനം നടത്തുകയാണ്. ജോഗിന്റെ ഉയരത്തിനുമപ്പുറം ദേവഗായകൻ മലയാളഗതകാലസുഖവികാരങ്ങളെ പ്രതിഷ്ഠിക്കുന്നതുപോലെ അനുഭവസമ്പൂർണ്ണവും അതീവഹൃദ്യവുമാണ് ഈ ഗാനാലാപനനിമിഷങ്ങൾ. 'സസ്യശ്യാമളകോമളമാകും സഹ്യന്റെ താഴ്വരയുടെ' മനോഹാരിത മലയാളിമനസ്സിൽ വരച്ചിടുകയാണ് നാദേശ്വരൻ. 'നീലപ്പൂങ്കാവുകൾ പുണരുന്ന' ആത്മനിർവൃതിയുടെ കുളിരിൽ ആനന്ദചിത്തരാവുന്നു നാം. 'ആകെ തുടുക്കുമെൻ മലയാളത്തിന്റെ അഴകൊന്നു കണ്ടോട്ടെ' എന്ന് ജയേട്ടൻ പാടുമ്പോൾ മലയാളമണ്ണിന്റെ തുടിപ്പും അഴകുമെല്ലാം നാട്ടുമലയാളിയുടെയും പ്രവാസിമലയാളിയുടെയും അകത്ത് പൂത്തിറങ്ങുന്നു. 'ലോകത്തിൽ ഇത്രയും അഴകുറ്റ മറ്റൊരു സ്വരമുണ്ടോ?' എന്ന് ഓരോ മലയാളിയും ഹൃദയം തൊട്ട് ചോദിച്ചുപോകുന്ന അനർഘനിമിഷങ്ങൾ. എന്നും മറുനാടൻ മലയാളി നെടുവീർപ്പിടുന്നതും സ്വപ്നസദൃശമായ അനുഭൂതികളിലൂടെ യാത്ര ചെയ്യുന്നതും ഈ മധുരാഗചന്ദ്രികയോടൊപ്പമല്ലേ? 'ചങ്ങമ്പുഴയുടെ കവിതകള്‍ പാടും ശൃംഗാരപ്പുഴക്കടവില്‍' എന്നാരംഭിക്കുന്ന ചരണം. ദേവസ്വരം മലയാളിമനസ്സുകളെ ആഹ്ലാദത്തിൽ നീരാടിക്കുകയാണ്. 'ചങ്ങമ്പുഴക്കവിതകളുടെ  ഗന്ധർവ്വലോകത്തേക്ക് ഒരർദ്ധനിമിഷം മനസ്സൊന്നു പോയോ? ദേവഗായകൻ ഗാനാനുഭവത്തിലേക്ക് മാടിവിളിക്കുകയാണ്. പാട്ടിന്റെ ആത്മാവിൽ തൊട്ടുകൊണ്ട് 'നൂറു നൂറോളങ്ങൾ നിന്നെ പൊതിയുമ്പോൾ..' എന്നു കേട്ട് നമ്മുടെ മനസ്സ് നിറയുന്നു. കാലമേതായാലും കാലാവസ്ഥയേതായാലും അഭിരുചിയേതായാലും വേളയേതായാലും ഋതുവഴി ഏതായാലും മലയാളിയെ പൊതിയുന്ന പാട്ടോളങ്ങളാണ് ഈ നിത്യഹരിതഗായകൻ. ആ ഓളങ്ങളിൽ മലയാളവും കോരിത്തരിക്കുകയാണ്. ‘കോരിത്തരിക്കുമെന്‍ മലയാളത്തിന്റെ കുളിരില്‍ ഞാനലിഞ്ഞോട്ടെ..’ എന്നു പാടി കുളിരണിയിക്കുന്നത് നാം ഓരോരുത്തരെയുമാണ്. കേരളത്തിലെ മാമലകളും താഴ്വാരങ്ങളും പുഴകളും കടൽത്തീരങ്ങളും കായലുകളും നിബിഢവനങ്ങളും പുൽമേടുകളും നാട്ടുവഴികളുമെല്ലാം തെളിയുന്നത് ജയചന്ദ്രന്റെ വികാരദ്യോതകനാദത്തിലൂടെയാണ്. ഹൃദയത്തിൽ തൊടുന്ന ജയചന്ദ്രന്റെ ആലാപനം മലയാളികളെ  സ്പർശിക്കുന്നതുകൊണ്ട് അവർ അതേറ്റുപാടുന്നു, വീണ്ടും വീണ്ടും പാടുന്നു. പ്രവാസി മലയാളികൾ അവരുടെ വേദനകൾ മറക്കുന്നത് ഈ ജയചന്ദ്രഗീതം ശ്രവിച്ചും ആസ്വദിച്ചും ഏറ്റുപാടിയുമൊക്കെയാണ്. കേരളത്തിലെ അവരുടെ വീട്ടിലെത്തിയ മനസ്സുഖമാണ് ഈ പാട്ട് അവർക്ക്. മലയാളിയുടെ ഗൃഹാതുരതയ്ക്ക് നിർവ്വചനമില്ല, അതിനുത്തരം ഒന്നുമാത്രം - ജയചന്ദ്രനാദവും ഭൗമാതീതമായ ആലാപനവും.

ശ്രീനഗരത്തിലെ ചിത്രവനത്തിലെ 
ശിശിര മനോഹര ചന്ദ്രികേ..
നിന്റെ കനകവിമാനത്തില്‍ ഞാനൊരു
വര്‍ണ്ണഭൃംഗമായ് പറന്നോട്ടേ..

സസ്യ ശ്യാമള കോമളമാകും
സഹ്യന്റെ താഴ്വരയില്‍..
നീ ചെന്നിറങ്ങുമ്പോള്‍ നീലപ്പൂങ്കാവുകള്‍
നിന്നേ പുണരുമ്പോള്‍..
ആകെ തുടുക്കുമെന്‍ മലയാളത്തിന്റെ 
അഴകൊന്നു കണ്ടോട്ടേ..

ചങ്ങമ്പുഴയുടെ കവിതകള്‍ പാടും 
ശൃംഗാരപ്പുഴക്കടവില്‍..
നീരാട്ടിനിറങ്ങുമ്പോള്‍ നൂറുനൂറോളങ്ങള്‍
നിന്നേ പൊതിയുമ്പോള്‍..
കോരിത്തരിക്കുമെന്‍ മലയാളത്തിന്റെ 
കുളിരില്‍ ഞാനലിഞ്ഞോട്ടെ..

‘Sreenagarathile’ is a nostalgic melodious song written by Vayalar Ramavarmma composed by G. Devarajan.

ശ്രീനഗരത്തിലെ (നിലയ്ക്കാത്ത ചലനങ്ങൾ, 1970) ശ്രീനഗരത്തിലെ (നിലയ്ക്കാത്ത ചലനങ്ങൾ, 1970) Reviewed by Govindan Puthumana on June 19, 2020 Rating: 5

No comments

Recent in Fashion

3/Fashion/post-list