എന്റെ ആസ്വാദനകുറിപ്പുകളിലേക്ക് സ്വാഗതം. Beautiful songs sung by Sri. P. Jayachandran with review and lyrics.

വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ (മൂന്നു പൂക്കൾ, 1971)


ഗാനം:  വിണ്ണിലിരുന്നുറങ്ങുന്ന

ചിത്രം: മൂന്നു പൂക്കൾ (1971)

ഗാനരചന: പി. ഭാസ്കരൻ   

സംഗീതം: പുകഴേന്തി 


കദനം നിറയ്ക്കുന്ന ആഴത്തില്‍ അലയടിക്കുന്ന ദേവഗാനം..ശ്രീ. പി. ജയചന്ദ്രന് മാത്രം ആലപിക്കാന്‍ സാധിക്കുന്ന ഗാനം..ഇത്രയേറെ ഉൾക്കൊണ്ട് അഗാധനിമഗ്നതയോടെ പാടാൻ മറ്റൊരു ഗായകനും സാധ്യമല്ല. ഈ ഗാനത്തിന്റെ പശ്ചാത്തലത്തിന് ജീവൻ നൽകുന്നത് അതിലളിതമായ സംഗീതം മാത്രമാണ്. അശരീരി പോലെ മുഴങ്ങിക്കേൾക്കുന്നത് ദേവഗായകൻ ജയേട്ടന്റെ വികാരസാന്ദ്രമായ ശബ്ദപ്രകാശനം മാത്രം. ഈ ലോകം കേൾക്കാനും, വരികളിൽ അടങ്ങിയിരിക്കുന്ന അർത്ഥതലങ്ങൾക്ക് എക്കാലവും പൂർണ്ണത കൈവരുത്താനും ജയചന്ദ്രനോളം മറ്റൊരു സ്വരമില്ലെന്ന് മുൻകൂട്ടി മനസ്സിലാക്കിയ പുകഴേന്തി സാറിന്റെ സംഗീതബോധത്തെ ആദരിച്ചേ പറ്റൂ. ‘വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ’ എന്നു ശ്രവിക്കുമ്പോൾ അടിച്ചമർത്തപ്പെട്ട ഉന്മേഷരഹിതമായ ജീവിതസാഹചര്യങ്ങൾ നമ്മുടെ മുന്നിൽ തെളിയുകയാണ്.'മണ്ണിതിൽ' എന്ന വാക്കിനും  'ഇഴയുന്ന' എന്ന വാക്കിനുമിടയിലുള്ള നേർത്ത നിശ്ശബ്ദത കാണിച്ചുതരുന്ന നിസ്സഹായാവസ്ഥ നമ്മുടേതും കൂടിയാവുകയാണ്.  'അന്ധനാര്?' എന്ന് ഓരോ തവണയും ജയചന്ദ്രൻ പാടുന്നത് ശ്രദ്ധിച്ചാൽ ഓരോ പ്രതീകസൂചകങ്ങൾ നമ്മുടെ മനസ്സിനെ കുത്തിനോവിക്കുന്നു. കടുത്ത അനുഭവങ്ങളുടെ ബൃഹത്തായ നേർക്കാഴ്ചയിലേക്ക് നമ്മുടെ മനസ്സുകളെ ചെന്നെത്തിക്കുകയാണ് നാദദേവൻ. 'അന്ധകാരപരപ്പിതിൽ..' എന്ന് ജയേട്ടൻ പാടുമ്പോൾ നമുക്കും ചുറ്റും മൂടുന്ന അന്ധകാരത്തിന്റെ വന്യതയും ഉഗ്രതയും നമ്മളിൽ വല്ലാത്ത പരിഭ്രാന്തിയുണ്ടാക്കുന്നു. ഏതോ പാതകളിലൂടെ അലക്ഷ്യമായി അലയുന്നതുപോലുള്ള പ്രതീതി ജനിപ്പിക്കുകയാണ് അനുപല്ലവിയിലെ 'ലക്ഷ്യമേതുമറിയാത്ത..' എന്നു തുടങ്ങുന്ന ഭാഗം. കതിരവൻ കത്തിജ്വലിക്കുന്ന തീക്ഷ്ണതയും നമ്മുടെ ഉള്ളു കത്തിക്കുകയാണ്. 'നട്ടുച്ചയുമിന്നിവർക്ക് പാതിരാ..' എന്ന വരികൾക്കൊടുവിലെ നീട്ടൽ ദയനീയതയിലുള്ള ഒരു ദീനരോദനം തന്നെയല്ലേ? 'പാതിരാ..' എന്ന വാക്ക് വീണ്ടുമുദ്ധരിക്കുന്നത് എത്ര വികാരസമ്പൂർണ്ണതയോടെയാണ്..! അനുപല്ലവിയുടെ ഒടുവിൽ 'അന്ധനാര്?' എന്നത്തിൽ 'നാ' എന്ന അക്ഷരത്തിന് താഴേക്ക് നൽകുന്ന ഒരുൾസ്പർശം എന്തെന്നില്ലാത്ത വിഷാദാനുഭൂതിയാണ്. ചരണത്തിലെ ' മായാ മരീചികയില്‍ മനസ്സിലെ ആശകളാല്‍' എന്ന വാക്കുകളിലെല്ലാം കദനവികാരം തിങ്ങിനിൽക്കുകയാണ്. 'കാലത്തിൻ കയ്യിലുള്ള പീലിയൊന്നുഴിയുമ്പോൾ' എന്ന വാക്കുകളിലടങ്ങിയിരിക്കുന്നത് ആർത്തനാദത്തിന്റെ ആന്തരികശ്രുതികളാണ്. 'കാണുന്നു മുന്നില്‍ വെറും ശൂന്യതാ' എന്ന വരിയിലുള്ള നിർവ്വികാരതയുടെ ആഴം  വളരെ വലുതാണ്. ഒരു സാധാരണ മനുഷ്യനെ ദു:ഖം ചെന്നെത്തിക്കുന്നത് ശൂന്യതയുടെ പടുകുഴിയിലേക്കാണ്. 'ശൂന്യത' എന്ന വാക്കിനു ശേഷമുള്ള നിശബ്ദതയുടെ കൃത്യതയും ജയചന്ദ്രന്റെ ആലാപനസവിശേഷതയിലൊന്നാണ്. തത്ത്വചിന്താധിഷ്ഠിതമായ ഗാനങ്ങൾ മുഴക്കത്തോടെയും  പൂർണ്ണതയോടെയും സ്വാധീനശേഷിയോടെയും വികാരവായ്പോടെയും ആലപിക്കാൻ ഒരേയൊരു ജയചന്ദ്രന് മാത്രമേ സാധിക്കൂ എന്ന് തെളിയിച്ച നിത്യമനോഹരഗാനമാണിത്. 



വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ

മണ്ണിതില്‍ ഇഴയുന്ന മനുഷ്യനോ

അന്ധനാര്‌ ഇപ്പോള്‍ അന്ധനാര്‌

അന്ധകാരപ്പരപ്പിതില്‍ അന്ധനാര്‌


ലക്ഷ്യമേതുമറിയാത്ത ജീവിതത്തിന്‍ പാതയില്‍

തപ്പിത്തടയുന്നു നിഴലുകള്‍

കത്തിജ്വലിക്കുന്നു കതിരവന്‍ എങ്കിലും

നട്ടുച്ചയും ഇന്നിവര്‍ക്കു പാതിരാ ഈ

നട്ടുച്ചയും ഇന്നിവര്‍ക്കു പാതിരാ (വിണ്ണിലിരുന്നുറങ്ങുന്ന)


മായാ മരീചികയില്‍ മനസ്സിലെ ആശകളാല്‍

മാളിക കെട്ടുന്നു മാനവന്‍

കാലത്തിന്‍ കൈയ്യിലുള്ള പീലിയൊന്നുഴിയുമ്പോള്‍

കാണുന്നു മുന്നില്‍ വെറും ശൂന്യതാ

കാണുന്നു മുന്നില്‍ വെറും ശൂന്യതാ (വിണ്ണിലിരുന്നുറങ്ങുന്ന)


‘Vinnilirunnuragunna’ is a philosophical hit song composed by Pukazhenthi, lines written by P. Bhaskaran.


വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ (മൂന്നു പൂക്കൾ, 1971) വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ  (മൂന്നു പൂക്കൾ, 1971) Reviewed by Govindan Puthumana on June 23, 2020 Rating: 5

No comments

Recent in Fashion

3/Fashion/post-list