എന്റെ ആസ്വാദനകുറിപ്പുകളിലേക്ക് സ്വാഗതം. Beautiful songs sung by Sri. P. Jayachandran with review and lyrics.

പൊന്മാനേ പൊന്നമ്പലമേട്ടിലെ (മകനേ നിനക്കു വേണ്ടി, 1971)


ഗാനം:  പൊന്മാനേ
ചിത്രം: മകനേ നിനക്കു വേണ്ടി (1971)
ഗാനരചന: വയലാർ രാമവർമ്മ 
സംഗീതം: ജി. ദേവരാജൻ 

അത്യുദാത്തമായ പ്രണയവികാരങ്ങൾ ആറ്റിലെ ഓളങ്ങൾ പോലെ ഇളകിമറിയുകയാണ് ഈ നൗകാഗീതത്തിൽ. സ്വരദേവന്റെ ആത്മമുദ്രകൾ പതിഞ്ഞ 'പൊന്മാനേ..' എന്ന വാക്ക് ഒഴുകിവരികയാണ്, അതുകേട്ട് നദിയും തീരങ്ങളും സ്ഫടികസമാനമായ ആ സ്വരമണികളെ ആവാഹിച്ചെടുക്കുകയാണോ? നദിയുടെ നെടുകെയുള്ള ഒഴുക്കിനു സമാന്തരമായി മുഴങ്ങിനീങ്ങുകയാണ് ദേവനാദം. ‘പൊന്നമ്പലമേട്ടിലെ പൊന്മാനേ’ എന്ന വരിയിൽ 'പൊൻ' എന്ന അക്ഷരങ്ങൾക്കു നൽകിയ നിമ്നതയും ഇതോടൊപ്പം 'മ്പ' എന്ന അക്ഷരത്തിൽ അമ്പലത്തിന്റെ ശിഖരചിത്രവും  ശ്രദ്ധിക്കേണ്ടതാണ്.  പൊന്മാനുമായുള്ള അടുപ്പമാണ് നമ്മുടെ ആത്മാവിൽ തൊടുന്ന അനുഭൂതിയായി വിടരുന്നത്. ‘എനിക്കുമെൻ  സഖിക്കും കുളിച്ചു താമസിക്കാൻ..’ 'എനിക്കുമെൻ സഖിക്കും' എന്ന വാക്കുകളുടെ ആലാപനത്തിനുള്ളിൽ അപേക്ഷാപൂർവ്വമുള്ള 'ഉണർത്തിക്കൽ' സംക്രമിപ്പിച്ചിരിക്കുന്നത് എത്ര സരളസുന്ദരമായാണ്..'കുളിച്ചു താമസിക്കാൻ..' എന്ന വാക്കുകളുടെ ആലാപനാവതരണത്തിൽ  സ്വരത്തിന് ക്രമമായി ദാർഢ്യമേറിവരുന്നത് അദ്‌ഭുതാവഹമാണ്. ‘ഒരു മുളം കുടിൽ  കെട്ടി തരുമോ….കൂടെ വരുമോ..’ ലജ്‌ജാവിവശനും പ്രണയപരവശനുമായ നായകന്റെ അഭ്യർത്ഥനാരൂപത്തിലുള്ള വാക്കുകൾ, വാക്കുകൾക്കിടയിൽ ദേവഗായകൻ തീർക്കുന്ന അർദ്ധവിരാമങ്ങൾ ഗാഢാനുരാഗത്തിന്റെ അനുശ്രുതികളാകുന്നു. 'പൊന്മാനേ..' എന്ന വാക്കിന്റെ ഒടുവിൽ താളാത്മകമായി കാറ്റിനൊപ്പം ഉയർന്നുപൊങ്ങുന്ന സ്വരതരംഗങ്ങൾ. 'ആറന്മുളയാറ്റിലെ..' എന്നാരംഭിക്കുന്ന ചരണം അസാമാന്യമായ ആലാപനഭംഗി കൊണ്ടലങ്കരിച്ചിരിക്കുകയാണ്. തീവ്രാനുരാഗത്തിലേക്കുള്ള പ്രയാണത്തിൽ ചൈതന്യമേകുന്ന താളത്തിന്റെ ഗതിവേഗം. ‘ചിറകുള്ള തോണിയിൽ….മണിയമ്പൂ തോണിയിൽ…..നിരണത്തു പള്ളിയിൽ പോയ് മിന്നു കെട്ടീ’ മേൽസ്ഥായിയിലേക്ക് ദേവസ്വരം അനായാസമായി വിന്യസിക്കുന്നതിന്റെ അദ്‌ഭുതാവസ്ഥ സശ്രദ്ധമായ കേൾവിയിലൂടെ ഉൾക്കൊള്ളാവുന്നതാണ്. ഈ വരികൾക്ക് ചുണ്ടനക്കാനാഗ്രഹിക്കാത്ത അനുരാഗിയും ഈ വരികൾ കർണ്ണാമൃതമാകാനാഗ്രഹിക്കാത്ത അനുരാഗിണിയുമുണ്ടാകില്ല. ഈ വരികൾ അടുത്തടുത്ത് രണ്ടു വ്യത്യസ്ത സ്ഥായികളിൽ ആവർത്തിക്കുന്നത് ഭാവനാപ്രപഞ്ചത്തിന്റെ അനന്തമായ രണ്ടറ്റങ്ങളെ ഒന്നിപ്പിക്കുന്നതുപോലെ അനുഭവപ്പെടുന്നു. ആ സ്വരപ്രകാശനത്തിൽ ആത്മവിശ്വാസം സ്ഫുരിക്കുകയാണ്, സുരക്ഷിതത്ത്വത്തിന്റെ തണലൊരുക്കുകയാണ്. പ്രണയസാഫല്യത്തിന്റെ ഉച്ചസ്ഥാനത്തേക്ക് കുതിച്ചുയരുകയാണ് ഈ വരികളുടെ ആലാപനലയഭംഗി. ‘വള കിലുങ്ങീ തള കിലുങ്ങീ വളവരയ്ക്കുള്ളിലീ ചിരി കിലുങ്ങീ ’ പ്രണയികളുടെ ആഘോഷനിമിഷങ്ങളുടെ താളത്തികവോടെയുള്ള സാക്ഷാത്കാരത്തിൽ മാസ്മരശബ്ദസാന്നിദ്ധ്യവും അപാരമായ ആലാപനസൂക്ഷ്മതയും. ‘കരം കവർന്നൂ... ഞാൻ കരൾ കവർന്നൂ..കവിളിൽ പൂത്ത പൂ കവർന്നൂ’ പ്രണയാത്മകതയുടെ ഹൃദയാർദ്രഭാവങ്ങൾ ഇതിൽപ്പരം എങ്ങനെ സ്പഷ്ടമാക്കും? ‘മോഹങ്ങളിൽ മുങ്ങുമീ സ്നേഹത്തിൻ മുൻപിൽ ഞാൻ ചോദിച്ചതൊക്കെയും കാഴ്ച വെച്ചൂ’ തീവ്രമായ ആത്മാനുരാഗത്തിന്റെ ആഴങ്ങളിൽ മുങ്ങുന്ന ആനന്ദനിമിഷങ്ങൾ പാട്ടിൽ ലയിപ്പിക്കുകയാണ് ദേവസ്വരം. ‘മതിയെന്നു തോന്നൂല്ലാ കൊതിയുള്ളിൽ തീരൂല്ലാ
മധുവിധുകാലമല്ലോ മരിക്കുവോളം ഞങ്ങൾക്ക്’ ഉയർന്ന സ്ഥായിയിലേക്ക് ജയചന്ദ്രസ്വരം പറന്നുയരുമ്പോൾ നമ്മുടെ ഹൃദയത്തിൽ നിന്നും വർണ്ണനാതീതമായ അനുഭൂതികളും അതോടൊപ്പം പറന്നുയർന്ന് മറ്റേതോ ലോകെത്തെത്തുകയാണ്. 'മരിക്കുവോളം..' എന്ന വാക്ക് ആലാപനസൗന്ദര്യത്തിലൂടെ ഈ പ്രണയപ്രപഞ്ചത്തിന്റെ കൊടുമുടിയിലെത്തുകയാണോ?


പൊന്മാനേ...
പൊന്നമ്പലമേട്ടിലെ പൊന്മാനേ
എനിക്കുമെൻ  സഖിക്കും കുളിച്ചു താമസിക്കാൻ
ഒരു മുളങ്കുടിൽ കെട്ടിത്തരുമോ കൂടെ വരുമോ 
(പൊന്മാനേ..)

ആറന്മുളയാറ്റിലെ വള്ളം കളി കാണുവാൻ
പോകുമ്പോളിവളെ ഞാൻ കണ്ടു മുട്ടീ
ചിറകുള്ള തോണിയിൽ മണിയമ്പൂത്തോണിയിൽ
നിരണത്തു പള്ളിയിൽ പോയ് മിന്നു കെട്ടീ ഇവളെ
ഞാൻ നിരണത്തു പള്ളിയിൽ പോയ് മിന്നു കെട്ടീ 
(പൊന്മാനേ..)

വള കിലുങ്ങീ തള കിലുങ്ങീ 
വളവരയ്ക്കുള്ളിലെ ചിരി കിലുങ്ങീ 
കരം കവർന്നൂ ഞാൻ കരൾ കവർന്നൂ
കവിളിൽ പൂത്ത പൂ കവർന്നൂ
മോഹങ്ങളിൽ മുങ്ങുമീ സ്നേഹത്തിൻ മുൻപിൽ
ഞാൻ ചോദിച്ചതൊക്കെയും കാഴ്ച വെച്ചൂ
മതിയെന്നു തോന്നൂല്ലാ കൊതിയുള്ളിൽ തീരൂല്ലാ
മധുവിധുകാലമല്ലോ മരിക്കുവോളം ഞങ്ങൾക്ക് 
(പൊന്മാനേ...)

‘Ponmane’ is a sweet boat love song written by Vayalar Ramavarmma and composed by G. Devarajan.

പൊന്മാനേ പൊന്നമ്പലമേട്ടിലെ (മകനേ നിനക്കു വേണ്ടി, 1971) പൊന്മാനേ പൊന്നമ്പലമേട്ടിലെ (മകനേ നിനക്കു വേണ്ടി, 1971) Reviewed by Govindan Puthumana on June 23, 2020 Rating: 5

No comments

Recent in Fashion

3/Fashion/post-list