എന്റെ ആസ്വാദനകുറിപ്പുകളിലേക്ക് സ്വാഗതം. Beautiful songs sung by Sri. P. Jayachandran with review and lyrics.

വാസന്ത സദനത്തിൻ (വിരുന്നുകാരി, 1969)



ഗാനം:  വാസന്തസദനത്തിൻ
ചിത്രം: വിരുന്നുകാരി (1969)
ഗാനരചന: പി. ഭാസ്കരൻ
സംഗീതം: എം. എസ്. ബാബുരാജ്

വള്ളിക്കുടിലുകൾക്കരികിൽ കാനനവീഥിയിൽ വനപുഷ്പങ്ങളുടെ സുഗന്ധത്തോടൊപ്പം ദേവഗായകൻ ജയേട്ടന്റെ രാഗസൗരഭ്യത്തിന്റെ നിഷ്കളങ്കത്വവും മധുരാനുഭൂതിയും..ആ വാസന്തസദനത്തിന്റെ അഴക്‌ നമുക്ക് കാട്ടിത്തരുന്ന ദേവഗായകന്‍! വള്ളിക്കുടിലും ആ വനവീഥിയുമെല്ലാം നാണിച്ചുപോയി ദേവനാദത്തിലെ  കാമുകഭാവം കേട്ട്!  ദേവാലാപനഭംഗിയിൽ വാസന്തസദനത്തിന്റെ വാതായനങ്ങൾ ഒന്നൊന്നായി തനിയേ തുറന്നുവരികയാണോ? ഈ മണ്ണിന്റെ മടിത്തട്ടിൽ ഒരിളംകാറ്റു പോലെ മന്ദസുഖദമായി വന്നണയുകയാണ് ഋജുവും പേലവവുമായ ദേവസ്വരം. ശ്രോതാവിന്റെ ഹൃദയവാതായനങ്ങളും തുറസ്സാവുകയാണ് !  പ്രണയനിർഭരമായ ദേവസ്വരത്തിൽ  വനപുഷ്പങ്ങളെ 'കുമാരികളേ' എന്നുള്ള വിളിയിൽ ലീനമായ ഭാവസഹസ്രങ്ങളുടെ ആത്മമുദ്രകളുണ്ട്. സൗന്ദര്യവും സൗരഭ്യവും തൂകുന്ന വനപുഷ്പകുമാരികളുടെ സാന്നിദ്ധ്യം ശ്രോതാവിന്റെ ഉൾച്ചിത്തത്തിൽ പ്രത്യക്ഷപ്പെടുത്തുകയാണ് ദേവനാദം. 'മൽസഖി'യോട് മത്സരിക്കുകയാണോ? എന്ന് ശ്രോതാവിനും തോന്നുകയാണോ?  ശ്രോതാവിന്റെ പ്രതീക്ഷയോടു ചേർന്ന ഉൾച്ചിത്രങ്ങളിൽ  ജയചന്ദ്രന്റെ അനുപമമായ സ്വരാലാപനശേഷിയാണ് അടുത്ത വരികളിൽ 'കാമുകഭാവം' വരച്ചിടുന്നത്. 'മത്സരിക്കേണ്ട....സൗന്ദര്യമത്സരത്തില്‍ മത്സഖിയോടിന്ന് നിങ്ങളാരും' എന്ന് കേൾക്കുമ്പോൾ അനുയാത്രയിലെ അടുപ്പത്തിന്റെ ആഴം കേൾവിക്കാർ ആത്മാവിലേറ്റുകയാണ്. പ്രണയത്തിന്റെ ഉദാത്തഭാവങ്ങളും കരുതലും എത്ര സ്വാഭാവികമായാണ് ആലാപനത്തിൽ നിറതുളുമ്പുന്നത്? 'ശ്രോതൃമനസ്സിനെ ഉദ്ദീപിപ്പിക്കുന്ന ആർദ്രഭാവനകൾ വാരിത്തൂകുകയാണ് ദേവഗായകന്റെ തുടർന്നുള്ള സ്വരപ്രതിഷ്ഠകളും ആലാപനത്തിരിവുകളും. ‘കണ്ണൊന്നടയ്ക്കുമോ സഖിക്കു ഞാനൊരു സമ്മാനം കൊടുത്തോട്ടെ’ എന്ന വരിയിൽ 'കണ്ണൊന്നടയ്ക്കുമോ..' എന്ന വാക്കിലെ അഭ്യർത്ഥനാവികാരവും 'സമ്മാനം...കൊടുത്തോട്ടെ' എന്ന വാക്കുകളിൽ അടങ്ങിയിരിക്കുന്ന നാണവും അകക്കാതു കൊണ്ടു കേട്ടാവാഹിക്കേണ്ട അനുഭൂതികളാണ്. ദേവഭാവനകളും വനാന്തരീക്ഷത്തിലെ നുറുങ്ങലുകളും കൈകളും കോർത്ത് ആത്മാവും ചേർത്തു പോകുന്ന ഇണകളും നിശബ്ദമായി ശ്രോതാവിനുള്ളിൽ നിറയുകയാണ്. വള്ളിക്കുടിലിന്റെ മനോഹാരിതയും വനവീഥിയിലെ പ്രകൃതീസ്പന്ദനങ്ങളും ഉണരുകയാണ്. ‘എങ്ങിനെ  സല്ലപിക്കും?’ 'സ' എന്ന അക്ഷരത്തിൽ ലയിപ്പിക്കുന്ന ഭാവുകത്വവും വികാരതരളതയും വിരിയിക്കുന്നത് മോഹഭംഗമുകുളങ്ങളാണ്.

വാസന്ത സദനത്തിന്‍ വാതായനങ്ങളിലെ
വനപുഷ്പരാജകുമാരികളേ
മത്സരിക്കേണ്ട സൗന്ദര്യമത്സരത്തില്‍
മത്സഖിയോടിന്ന് നിങ്ങളാരും

മന്മഥപുരിയിലെ മദിരോത്സവത്തിലെ 
മഞ്ജുനർത്തകിമാരേ നിങ്ങൾ 
കണ്ണൊന്നടയ്ക്കുമോ സഖിക്കു ഞാനൊരു 
സമ്മാനം കൊടുത്തോട്ടെ 

വള്ളിക്കുടിലിലും വനവീഥി തന്നിലും 
സല്ലപിക്കാൻ വന്നവർ ഞങ്ങൾ 
എവിടെ തിരിഞ്ഞാലും നിൽക്കുന്നു നിങ്ങൾ 
എങ്ങിനെ  സല്ലപിക്കും? 

‘Vaasantha sadanathin’ is a romantic melodious song written by P. Bhaskaran, composed by M. S. Baburaj.

വാസന്ത സദനത്തിൻ (വിരുന്നുകാരി, 1969) വാസന്ത സദനത്തിൻ (വിരുന്നുകാരി, 1969) Reviewed by Govindan Puthumana on June 14, 2020 Rating: 5

No comments

Recent in Fashion

3/Fashion/post-list