എന്റെ ആസ്വാദനകുറിപ്പുകളിലേക്ക് സ്വാഗതം. Beautiful songs sung by Sri. P. Jayachandran with review and lyrics.

യദുകുലരതിദേവനെവിടെ ( റെസ്റ്റ് ഹൌസ്‌, 1969)



ഗാനം:  യദുകുലരതിദേവനെവിടെ 
ചിത്രം: റെസ്റ്റ് ഹൌസ്‌  (1969)
ഗാനരചന: ശ്രീകുമാരൻ തമ്പി 
സംഗീതം: എം. കെ. അർജ്ജുനൻ 

ശ്രീ. പി. ജയചന്ദ്രന്റെ നിത്യഹരിതനാദത്തിലെ കാല്പനികഭാവം അത്യന്തം സ്വാഭാവികമായി ഒഴുകുന്നു ഈ ഗാനത്തിൽ! നിരാശയുടെയും നഷ്ടവിചാരങ്ങളുടെയും മുകിലലകളുടെ മറ നീക്കി പ്രകാശിതമാവുകയാണ് ദേവസ്വരമധുരധാര. ഗാനദേവനാദത്തിന്റെ പ്രവേശം കാപീകീർത്തനങ്ങളായിഴ ചേരുമ്പോൾ  ആ ധന്യനിമിഷങ്ങൾ അനുവാചകഹൃദയത്തിൽ അനുപമമായ അടയാളങ്ങളാവുന്നു.   "താരണിമധുമഞ്ചം നീ വിരിച്ചീടുകിൽ പോരാതിരിക്കുമോ കണ്ണൻ?" എന്ന് ജയചന്ദ്രൻ പാടുമ്പോൾ ആ പരമോത്തമമായ കല്പനകൾ എങ്ങും നിറയുന്നു..'നീ..വിരിച്ചീടുകിൽ..' എന്ന വാക്കുകളിൽ നിർമ്മലാനുരാഗവും 'പോരാ..തിരിക്കുമോ...കണ്ണൻ' എന്ന വാക്കുകളിൽ 'പോരാതെ മറ്റെന്തു ചെയ്യാൻ?' എന്ന കാന്തികബന്ധത്തിന്റെ അഗാധത ശ്രോതാവിനുള്ളിൽ ഒരു ദീപം പോലെ ജ്വലിച്ചുനിൽക്കുകയാണ്. 'ആവർത്തിക്കുന്ന 'പോരാതിരിക്കുമോ കണ്ണൻ' എന്ന വരിയിൽ സമ്പൂർണ്ണശൃംഗാരരസസുഖമാണ്. 'യദുകുല രതിദേവനെവിടെ' എന്ന് ജയചന്ദ്രസ്വരത്തിൽ മന്ദ്രസ്ഥായിയിൽ  മുഴങ്ങിക്കേൾക്കുകയാണ്. അനുരാഗസാഗരം സാന്ദ്രമായി ഒഴുകി നിറയുകയാണ്. ഈ മധുസാഗരത്തിന്റെ അടിത്തട്ടിലെത്തി, ഇനിയുമെത്രയോ ആഴങ്ങൾ താണ്ടാൻ പ്രാപ്തമായ സ്വരവഴക്കമെന്ന് തെളിയിക്കുന്ന ആലാപനം. വീണ്ടും " നീ തൂകുമനുരാഗനവരംഗ ഗംഗയിൽ നീന്താതിരിക്കുമോ കണ്ണൻ?" എന്ന് ഗാനചക്രവർത്തി പാടുമ്പോൾ ദിവ്യമായ ആ അനുരാഗത്തിന്റെ മധുഗംഗയിൽ നീരാടും പോലുള്ള ആത്മനിർവൃതി ഓരോ മനസ്സിനും ഉൾക്കൊള്ളാനാവുന്നു. കേവലം രണ്ടു വരികളിൽ ശ്രീ. പി. ജയചന്ദ്രൻ ആ സുവർണ്ണശബ്ദം കൊണ്ട് ഹൃദയം നൽകി ആലപിച്ച് ധന്യമാക്കിയ അനുഭൂതികൾ അനുരാഗമധുരത്തിന്റെ സ്വർഗീയസുഖം വിതറുന്നു. "യദുകുലരതിദേവനെവിടെ?" എന്നത് ഒരു ചോദ്യമായി അവശേഷിക്കുന്നുണ്ടെങ്കിലും രാഗസ്വരൂപനായ കണ്ണന്റെ ശബ്ദം ശ്രവിക്കുംപോലെ ഒരു ശ്രോതാവിന് തോന്നുന്നു.ഒരായിരം തവണ കേട്ടാലും മതിവരില്ല ഈ മധുരയുഗ്മഗാനം...രാഗസാമ്രാട്ടിന്റെ സ്വരമാധുരാഞ്ജലി..ആ രാഗപ്രപഞ്ചം.. ശ്രീകുമാരൻ തമ്പിയുടെ സുന്ദരമായ വരികൾക്ക് ഈണം പകർന്നത് എം. കെ. അർജ്ജുനൻ, ചിത്രം റസ്റ്റ്ഹൌസ്.

യമുനേ.. യമുനേ.. പ്രേമയമുനേ..
യദുകുല രതിദേവനെവിടെ എവിടെ
യദുകുലരതിദേവനെവിടെ
നീലപ്പീലി തിരുമുടിയെവിടെ
നിറകാൽത്തളമേളമെവിടെ
യദുകുലരതിദേവനെവിടെ

പൂവമ്പനുറങ്ങാത്ത രാത്രിയിൽ നിനക്കായ്
പൂവണി തളിർമെത്ത വിരിച്ചു ഞാൻ വിരിച്ചു
താരണിമധുമഞ്ചം നീ വിരിച്ചീടുകിൽ
പോരാതിരിക്കുമോ കണ്ണൻ
പോരാതിരിക്കുമോ കണ്ണൻ
യദുകുല രതിദേവനിവിടെ രാധേ
യദുകുലരതിദേവനിവിടെ

പുല്ലാങ്കുഴൽവിളി കേൾക്കാൻ കൊതിച്ചപ്പോൾ
ചെല്ലമണിത്തെന്നൽ ചിരിച്ചു കളിയാക്കി ചിരിച്ചു
നീ തൂകുമനുരാഗ നവരംഗഗംഗയിൽ
നീന്താതിരിക്കുമോ കണ്ണൻ
നീന്താതിരിക്കുമോ കണ്ണൻ
യദുകുല രതിദേവനിവിടെ രാധേ
യദുകുല രതിദേവനിവിടെ

‘Yadukularathidevanevide’ is a sweet duet love song written by Sreekumaran Thampi composed by M. K. Arjunan.

യദുകുലരതിദേവനെവിടെ ( റെസ്റ്റ് ഹൌസ്‌, 1969) യദുകുലരതിദേവനെവിടെ ( റെസ്റ്റ് ഹൌസ്‌, 1969) Reviewed by Govindan Puthumana on June 14, 2020 Rating: 5

No comments

Recent in Fashion

3/Fashion/post-list