എന്റെ ആസ്വാദനകുറിപ്പുകളിലേക്ക് സ്വാഗതം. Beautiful songs sung by Sri. P. Jayachandran with review and lyrics.

പൂർണ്ണേന്ദുമുഖി (കുരുക്ഷേത്രം, 1970)



ഗാനം:  പൂർണ്ണേന്ദുമുഖി  
ചിത്രം: കുരുക്ഷേത്രം  (1970)
ഗാനരചന: പി. ഭാസ്കരൻ  
സംഗീതം: കെ. രാഘവൻ

1970 ലെ അവിസ്മരണീയമായ പി. ഭാസ്കരൻ ചിത്രമായിരുന്നു കുരുക്ഷേത്രം. ബി. എസ്. രംഗ നിർമ്മിച്ച ഈ ചിത്രത്തിലെ ഗാനങ്ങളെല്ലാം പി. ഭാസ്കരനും കെ. രാഘവനും തയ്യാറാക്കിയതാണ്. എനിക്ക് പ്രിയപ്പെട്ട ഗാനമാണ്
'പൂര്‍ണ്ണേന്ദുമുഖിയോടമ്പലത്തില്‍ വച്ചു
പൂജിച്ച ചന്ദനം ഞാന്‍ ചോദിച്ചു
കണ്മണിയതു കേട്ടു നാണിച്ചു നാണിച്ചു
കാല്‍നഖം കൊണ്ടൊരു വരവരച്ചു'
ദേവഗായകൻ ശ്രീ. പി. ജയചന്ദ്രൻ ഭാവാത്മകമായി ആലപിച്ച ഗാനം..ഇത്  ദേവഗായകന്‍റെ മധുരഗീതം..പൂര്‍ണ്ണേന്ദുമുഖി പൂജിച്ച ചന്ദനം നല്‍കാത്തത്തിലുള്ള കുഞ്ഞുപരിഭവം ആദ്യാവസാനം നിലനിര്‍ത്തി അവളോടുള്ള പ്രണയം നിലനിര്‍ത്തുന്ന ദിവ്യമായ ഗാനം..  
ഇതിന്റെ സംഗീതശിൽപ്പികൾ ഒരു വാഹനത്തിലിരുന്ന് ഞൊടിയിടയിൽ സംഗീതമൊരുക്കിയ ഗാനമാണിതെന്ന പ്രത്യേകത കൂടിയുണ്ട്. ശ്യാമസാനുക്കളിലൂടെ ഒഴുകിയെത്തുന്ന ദേവസുധാനാദം. ആലാപനത്തിൽ 'പൂർണ്ണേന്ദു' എന്ന വാക്കിന് നൽകുന്ന ആരോഹണം ഉദിച്ചു നിൽക്കുന്ന ചന്ദ്രന്റെ ഉന്നതസ്ഥാനത്തെ അടയാളപ്പെടുത്തുകയാണ്. 'അതു കേട്ടു' എന്ന വാക്കുകളുടെ 'അനായാസമായ ഉന്തൽ' കൺമണിയുടെ ഞെട്ടൽ എത്ര കൃത്യമായി അനാവരണം ചെയ്യുകയാണ്. 'നാണിച്ചു നാണിച്ചു' എന്ന വാക്കുകൾ നാണം ഉൾക്കൊണ്ടുള്ള ക്രമാനുസൃതമായ മുഖചലനവും അതോടൊപ്പമുള്ള ദേവസ്വരത്തിന്റെ താഴ്ന്ന സ്ഥായിയിലേക്കുള്ള ഗമനവും. അനുപല്ലവിയിൽ 'ആരാധന' എന്ന വാക്കിന് ജയേട്ടൻ നൽകുന്ന താരസ്ഥായിയിലേക്കുള്ള ഒഴുക്കും 'രാ' എന്ന അക്ഷരത്തെ മകുടമാക്കിയുള്ള സൂക്ഷ്മമായ പൊലിമയും അതിന്റെ പരിധിയിലൂടെയുള്ള സ്വരസഞ്ചാരവും നമ്മുടെ മനസ്സിൽ ഒരു ക്ഷേത്രത്തിന്റെ ചിത്രം വരയ്ക്കുകയാണ്. 'നടയടച്ചൂ' എന്ന് നാദേശ്വരൻ പാടുമ്പോൾ അടഞ്ഞതായി അനുഭവപ്പെടുന്നത് നമ്മുടെ ഹൃദയം തന്നെയല്ലേ? നിരാശാഭാവം തൂകുകയാണ് ഓരോ അക്ഷരത്തിലും. ഇതിൽ 'ട' എന്ന അക്ഷരം അസാമാന്യശബ്ദനിയന്ത്രണത്തോടെ ഊർന്നുപോകലിന്റെ നഷ്ടം ആലേഖനം ചെയ്യുന്നു.ആൽത്തറവിളക്കുകൾ കൊളുത്തുന്ന ദേവഗായകൻ ആദ്യം എത്ര മനോഹരമായാണ് ആൽമരത്തിൽ നിന്നും ആൽത്തറയിലേക്കും ആൽത്തറയോടു ചേർന്നുനിൽക്കുന്ന തെളിവിളക്കുകളെയും സ്വരപ്രകാശം കൊണ്ട്  അലംകൃതമാക്കുന്നത് ! 'കണ്ണടച്ചു' എന്നു ജയചന്ദ്രൻ പാടുമ്പോൾ ആ കണ്ണടയ്ക്കലിൽ ചെറുവ്യസനത്തിനുള്ളിലെ  ആത്മാനന്ദം അടങ്ങിയിരിക്കുന്നു. ജയചന്ദ്രനാദത്തിൽ 'അമ്പലകുളങ്ങരെ അമ്പിളി..' എന്ന ഭാഗം പാടുമ്പോൾ അമ്പലത്തിന്റെ ആത്മീയമായ ഔന്നത്യവും സൂചിപ്പിച്ച് ആകാശത്തെ അമ്പിളിയിലേക്കുയരുമ്പോഴും മാധുര്യമോ വൈകാരികാംശമോ  അൽപ്പം പോലും ചോർന്നുപോകുന്നില്ല. 'ചന്ദനം നൽകാത്ത ചാരുമുഖീ..' എന്ന് ദേവഗായകൻ പാടുമ്പോൾ പരിഭവം, ആത്മാനുരാഗം, കുസൃതി എന്നിവയെ ഒന്നായി സംക്രമിപ്പിക്കുന്ന സംവേദനക്ഷമത ശ്രവിച്ചറിയണം. ദേവാലാപനമാധുര്യത്തിന്റെ ലയപൂർണ്ണതയാണ്   'നാമിരുപേരും തനിച്ചിങ്ങു നിൽക്കുകിൽ..' എന്നു കേൾക്കുമ്പോഴുള്ള സാങ്കല്പികവും സാന്ദർഭികവുമായ ഉൾപ്രകാശനങ്ങളുടെ സ്വാഭാവികമായ ചേർച്ച. നാട്ടുകാർ കാണുമ്പോഴുണ്ടായേക്കാവുന്ന അന്തർഭാവങ്ങളും ഉള്ളിലെ ഉൽക്കടമായ സംഗമാഭിലാഷവും വെള്ളിത്തിരയിലെന്ന പോലെ ചിത്രീകരിക്കുകയാണ് ദേവനാദം. ഗാനമാർഗ്ഗത്തിലൂടെ  നാട്ടിൻപുറത്തെ ഒരു സന്ദർഭാഖ്യാനം എന്നതിലുപരി ജയചന്ദ്രന്റെ നാദവും പാട്ടുപാതകളും വീണ്ടും വീണ്ടും ഓർത്താസ്വദിക്കാനുള്ള ഒരു നൂറനുഭൂതികൾ സമ്മാനിക്കുന്നു. 

പൂര്‍ണ്ണേന്ദുമുഖിയോടമ്പലത്തില്‍ വച്ചു
പൂജിച്ച ചന്ദനം ഞാന്‍ ചോദിച്ചു
കണ്മണിയതു കേട്ടു നാണിച്ചു നാണിച്ചു
കാല്‍നഖം കൊണ്ടൊരു വരവരച്ചു

ആരാധന തീര്‍ന്നു നടയടച്ചു
ആല്‍ത്തറവിളക്കുകള്‍ കണ്ണടച്ചു
ആളുകളൊഴിഞ്ഞു അമ്പലക്കുളങ്ങരെ
അമ്പിളി ഈറന്‍ തുകില്‍ വിരിച്ചു
(പൂര്‍ണ്ണേന്ദുമുഖി)

ചന്ദനം നല്‍കാത്ത ചാരുമുഖീ
നിന്‍ മനം പാറുന്നതേതുലോകം?
നാമിരുപേരും തനിച്ചിങ്ങു നില്‍ക്കുകില്‍
നാട്ടുകാര്‍ കാണുമ്പോള്‍ എന്തു തോന്നും!
(പൂര്‍ണ്ണേന്ദുമുഖി)

‘Poornnendumukhiyodu’ is an evergreen nostalgic song in the P. Bhaskaran (lyrics) - K. Raghavan (music) combination sung by P. Jayachandran.

പൂർണ്ണേന്ദുമുഖി (കുരുക്ഷേത്രം, 1970) പൂർണ്ണേന്ദുമുഖി (കുരുക്ഷേത്രം, 1970) Reviewed by Govindan Puthumana on June 14, 2020 Rating: 5

No comments

Recent in Fashion

3/Fashion/post-list